തിരുവനന്തപുരം: എംഎൽഎ പി.വി. അൻവർ ഉന്നയിച്ച കാര്യങ്ങളെല്ലാം വെറുതെ തള്ളിക്കളയാവുന്നതല്ല, മറിച്ച് അതീവ ഗുരുതര സ്വഭാവമുള്ളവയാണെന്ന് സിപിഎം നേതൃത്വം. അതിനാൽ അത് വേണ്ട വിധത്തിൽ അന്വേഷിക്കുമെന്ന് സിപിഎം അന്വേഷിക്കും. ആരോപണങ്ങൾ സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ചചെയ്യും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരായ ആരോപണങ്ങൾ ഗൗരവകരമെന്നും പാർട്ടി വിലയിരുത്തുന്നെന്നാണ് സൂചന. ഇതുസംബന്ധിച്ച് നേരത്തെ മുഖ്യമന്ത്രിക്കും ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പരാതി സമർപ്പിച്ചിരുന്നു.
വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് പരാതി സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. അതിനുശേഷമായിരിക്കും പി. ശശിക്കെതിരെ ഏതുതരത്തിലുള്ള അന്വേഷണ നടപടികളിലേക്ക് പാർട്ടി കടക്കും എന്നറിയാൻ സാധിക്കുക.
“ആളുകൾക്ക് ഇഷ്ടമുള്ളതെന്തും പറയാൻ സ്വാതന്ത്ര്യമുണ്ട്; അവർക്ക് അതിനുള്ള അവകാശമുണ്ട്. സ്വേച്ഛാധിപത്യ മനോഭാവം എനിക്കില്ല. എനിക്ക് പകയില്ല, ഭയവും തോന്നുന്നില്ല. ഇത് എനിക്ക് പുതിയ കാര്യമല്ല. 1980ൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായതുമുതൽ ഞാൻ ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട്. എന്നിട്ടും ഞാൻ ഇത്രയും ദൂരം എത്തിയിരിക്കുന്നു. അത് മതി. എന്നായിരുന്നു പി. ശശിയുടെ പ്രതികരണം. ഒരു ഇംഗ്ലീഷ് മാഗസിനു നൽകിയ അഭിമുഖത്തിലാണ് പി. ശശി ഇക്കാര്യങ്ങൾ പറഞ്ഞത്.
പി. ശശിക്ക് എതിരായി ആരോപണം ഉന്നയിച്ചതുകൊണ്ടുമാത്രം കുറ്റവാളിയാകുന്നില്ലെന്ന നിലപാടിലാടാണ് വിഷയത്തിൽ എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ആരോപണം തെറ്റോ ശരിയോ എന്നു കണ്ടെത്തണം. അതിനു ശേഷം കുറ്റക്കാരനെന്നു കണ്ടെത്തിയാൽ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതായും അദ്ദേഹം അറിയിച്ചു.
എന്നാൽ വിഷയത്തിൽ കൃത്യമായ ഒരന്വേഷണം വേണമെന്ന നിലപാടിലാണ് പി.വി. അൻവർ. എഡിജിപിക്കെതിരെയുള്ള പരാതി അന്വേഷിക്കാൻ അദ്ദേഹത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ചതിലുള്ള അതൃപ്തിയും അദ്ദേഹം മാധ്യമങ്ങൾക്കു മുൻപാകെ പ്രകടിപ്പിച്ചു.