തൃശൂർ: തൃശൂർ കയ്പമംഗലത്ത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ ശേഷം ആംബുലൻസിൽ തള്ളിയ ശേഷം കൂട്ടാളികൾ രക്ഷപെട്ടു. സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അരുൺ(40) ആണു മരിച്ചത്. കൊലയ്ക്കു പിന്നിൽ സാമ്പത്തിക ഇടപാടെന്നു സൂചന.
കയ്പമംഗലത്തെ സ്വകാര്യ ആംബുലൻസ് സർവീസിന് തിങ്കളാഴ്ച ഒരാളെ വാഹനമിടിച്ച് അപകടമുണ്ടായെന്ന ഫോൺ കോൾ ലഭിക്കുകയായിരുന്നു. ഇതനുസരിച്ച് ആംബുലൻസെത്തിയപ്പോൾ അരുണിനെ നാലു പേർ ചേർന്ന് വാഹനത്തിൽ കയറ്റി. എന്നാൽ ആംബുലൻസ് ഡ്രൈവർ ആവശ്യപ്പെട്ടെങ്കിലും അരുണിനൊപ്പം ആശുപത്രിയിലേക്കു വരാൻ ആരും തയാറായില്ല. തങ്ങൾ കാറിൽ പിന്നാലെ വരാമെന്ന് അറിയിക്കുകയായിരുന്നു. പിന്നീട്ആംബുലൻസ് ആശുപത്രിയിൽ എത്തിച്ചപ്പോൾ കാർ പിന്നാലെ ഉണ്ടായിരുന്നില്ല.
തുടർന്ന് ആശുപത്രി അധികൃതർ പരിശോധിച്ചപ്പോൾ അരുണിന് ജീവനുണ്ടായിരുന്നില്ല. മർദനമേറ്റാണ് മരിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിൻറെ ചുരുളറിഞ്ഞത്.
കണ്ണൂർ ഐസ് ഫാക്ടറി ഉടമയായ സാദ്ദിഖാണ് അരുണിനെ വിളിച്ചുവരുത്തിയത്. പണം ഇരട്ടിപ്പിച്ച് തരാമെന്ന് വാഗ്ദാനം ചെയ്ത് അരുൺ ഇയാളുടെ കൈയിൽനിന്ന് 10 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇത് തിരിച്ചു പിടിക്കാനായി അരുണിനെ തൃശൂരിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെയെത്തിയ ഇയാളെ തട്ടിക്കൊണ്ടു പോയി ബന്ധിയാക്കി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അരുണിൻറെ സുഹൃത്ത് ശശാങ്കനും മർദനമേറ്റു. സാദ്ദിഖിനും സുഹൃത്തുക്കൾക്കുമായി പോലീസ് തിരച്ചിൽ ആരംഭിച്ചു.