കോട്ടയം: കുമരകം കൈപ്പുഴമുട്ടിൽ നിയന്ത്രണം വിട്ട കാർ ആറ്റിലേക്ക് മറിഞ്ഞ് മരിച്ചവരെ തിരിച്ചറിഞ്ഞു. കൊട്ടാരക്കര സ്വദേശി ജെയിംസ് ജോർജ് (48), സുഹൃത്ത് മഹാരാഷ്ട്ര സ്വദേശിനി സായ്ലി രാജേന്ദ്ര സർജെ (27)യുമാണ് അപകടത്തിൽ മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം 8.45ന്കൈപ്പുഴമുട്ട് പാലത്തിനു സമീപമാണ് അപകടമുണ്ടായത്. കോട്ടയം ഭാഗത്തുനിന്നും വന്ന കാർ കൈപ്പുഴമുട്ട് പാലത്തിൻറെ ഇടതുവശത്തെ സർവീസ് റോഡ് വഴി നേരെ ആറ്റിലേക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കാറിൽ ഉണ്ടായിരുന്നവരുടെ നിലവിളികേട്ടാണ് നാട്ടുകാർ വിവരം അറിയുന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് കാർ കണ്ടെത്തിയത്. ചെളി നിറഞ്ഞ നിലയിലായിരുന്നു കാർ. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിനോദയാത്രയ്ക്കായെത്തിയ ഇവർ കൊച്ചിയിലെ സ്ഥാപനത്തിൽനിന്ന് വാടകയ്ക്കെടുത്ത കാറിലാണ് സ്വയം ഓടിച്ച് കുമരകത്തെത്തുകയായിരുന്നു. തുടർന്ന് വാടകയ്ക്ക് മുറി അന്വേഷിച്ചിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയാകാം യാത്ര ചെയ്തതെന്നാണ് സൂചന. മഴയായിരുന്നതിനാൽ റോഡ് വ്യക്തമായി കാണാൻ കഴിയില്ലായിരുന്നു. ഈ ഭാഗത്ത് സുരക്ഷാമുന്നറിയിപ്പുകളും ഇല്ലായിരുന്നതും അപകടത്തിന് കാരണമായി.
അപകടത്തിൽപ്പെട്ടവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ, കാർ വെള്ളത്തിൽ മുങ്ങുന്നതാണ് കണ്ടത്. ഇരുപതോളം മത്സ്യത്തൊഴിലാളികളും നാട്ടുകാരും കാർ ഉയർത്താൻ നോക്കിയെങ്കിലും മുങ്ങിപ്പോയി. ഒഴുക്കും ആഴവും ചെളിയുമുള്ള ഭാഗമായതിനാൽ കാർ കണ്ടെത്താനായില്ല. അഗ്നിരക്ഷാസേനയുടെ സ്കൂബ ഡൈവിങ് ടീമെത്തിയാണ് കാർ പുറത്തെടുത്തത്. ചില്ലുതകർത്താണ് ഇരുവരെയും പുറത്തെടുത്തതെന്ന്, സംഭവസ്ഥലത്തെത്തിയ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. 15 അടി താഴ്ചയിലേക്ക് മറിഞ്ഞ കാർ, 45 മിനിറ്റുകൊണ്ടാണ് പുറത്തെടുത്തത്.
അപകടത്തിൽപ്പെട്ട കാറുടമയുടെ വിവരങ്ങളും ശേഖരിച്ചുവരുകയാണെന്ന് പോലീസ് പറഞ്ഞു.