തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ ദുരന്ത ബാധിതർക്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. ഇപ്പോൾ ക്യാമ്പിൽ കഴിയുന്ന ഓരോ കുടുംബത്തിനും 10000 രൂപവീതം അടിയന്തര സഹായധനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കൂടാതെ, ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് മറ്റ് താമസ സ്ഥലത്തേക്ക് മാറുന്നതിനും സംസ്ഥാന സർക്കാർ സഹായം നൽകും. ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് 300 രൂപ വീതം ദിവസവും നൽകും. ഇതു പ്രകാരം ഒരു കുടുംബത്തിലെ രണ്ട് വ്യക്തികൾക്കാണ് ഈ ആനുകൂല്യത്തിന്റെ പരിധിയിൽ വരിക. എന്നാൽ കിടപ്പുരോഗികളോ, ആശുപത്രിയിൽ ദീർഘനാൾ ചികിത്സയിൽ കഴിയുന്ന രോഗികളോയുള്ള കുടുംബങ്ങൾക്ക് ഈ ആനുകൂല്യം കുടുംബത്തിൽ മൂന്നു പേർക്ക് എന്ന നിലയിൽ ലഭിക്കും. 30 ദിവസത്തേയ്ക്കാണ്ഈ തുക ലഭിക്കുക.
മാത്രമല്ല, ക്യാമ്പുകളിൽ കഴിയുന്നവർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് തിരിച്ചു പോകുമ്പോൾ സർക്കാർ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ മാറാൻ കഴിയുന്ന വിധത്തിൽ താമസ സൗകര്യം ഒരുക്കാനാകുമോയെന്ന കാര്യത്തിൽ കലക്ടറുടെ റിപ്പോർട്ട് ആവശ്യപെട്ടിട്ടുണ്ട്. കലക്ടറുടെ റിപ്പോർട്ട് ലഭിക്കുന്നതനുസരിച്ച് വാടക നിശ്ചയിച്ച് ഓരോരിത്തർക്കും അനുവദിക്കും.