വയനാട് ദുരന്തത്തിൽ സഹായം വാഗ്ദാനം ചെയ്ത നടൻ മോഹൻലാലിനെ യൂട്യൂബിലൂടെ അധിക്ഷേപിച്ച വ്ലോഗർ അജു അലക്സിനെ (ചെകുത്താൻ) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഒളിവിലായിരുന്ന അജുവിനെ ഇന്ന് രാവിലെ മഞ്ഞാടിയിലെ വീട്ടിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ദുരന്തബാധിതർക്കായി മൂന്ന് കോടി രൂപ മോഹൻലാൽ സഹായമായി വാഗ്ദാനം ചെയ്തതിനു പിന്നാലെയാണ് താരത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന വീഡിയോ വ്ലോഗുമായി അജു സമൂഹ മാധ്യമത്തിലെത്തിയത്.
താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദീഖ് നൽകിയ പരാതിയിലാണ് കേസെടുത്തത്.
യൂട്യൂബിലൂടെ വിദ്വേഷം പരത്തുന്ന രീതിയിലായിരുന്നു അജു അലക്സിന്റെ പരാമർശമെന്നും തിരുവല്ല പൊലീസ് രജിസ്ട്രർ ചെയ്ത എഫ്ഐആറിൽ പറയുന്നു. ഭാരതീയ ന്യായ സംഹിത 192,296 (b) കെ.പി ആക്റ്റ് 2011 120 (0) വകുപ്പുകൾ പ്രകാരമാണ് അജു അലക്സിനെതിരെ കേസെടുത്തത്.
നേരത്തെ സിനിമ നിരൂപണത്തിന്റെ മറവിൽ അഭിനേതാക്കൾക്കെതിരെ അശ്ലീല പ്രയോഗങ്ങൾ നടത്തുന്നുവെന്ന പരാതിയിൽ യുട്യൂബർ ആറാട്ട് അണ്ണൻ എന്ന സന്തോഷ് വർക്കിയെയും പാലാരിവട്ടം പൊലീസ് താക്കീത് ചെയ്തു വിട്ടയച്ചിരുന്നു. സിനിമാ നിരൂപണത്തിന്റെ മറവിൽ സിനിമാ പ്രവർത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന യുട്യൂബർമാർക്കെതിരേ കർശന നടപടിയോടെ മുന്നോട്ട് പോകാനാണ്‘അമ്മ’യുടെ തീരുമാനം.