കൊച്ചി: കോലഞ്ചേരിക്ക് സമീപം പാങ്കോട് കാർ നിയന്ത്രണം വിട്ട് 15 അടി താഴ്ചയുള്ള കിണറ്റിലേക്കു വീണു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി 9.20ഓടെയാണ് പാങ്കോട് ചാക്കപ്പൻ കവലയ്ക്കു സമീപം വച്ച് ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ 15 അടി താഴ്ചയുള്ള കിണറ്റിലേക്കു വീണത്. കൊട്ടാരക്കരയിൽ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന യാത്രികരാണ് അപകടത്തിൽപ്പെട്ടത്. കാർ വീഴുമ്പോൾ കിണറ്റിൽ 5 അടി ഉയരത്തിൽ വെള്ളമുണ്ടായിരുന്നു.
ആലുവ കൊമ്പാറ സ്വദേശികളുമായ കാർത്തിക് എം. അനിൽ (27), വിസ്മയ (26), എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇവരെ പട്ടിമറ്റം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫിസർ എൻഎച്ച് അസൈനാരുടെ നേതൃത്വത്തിലാണ് പുറത്തെത്തിച്ചത്. കാർ റോഡിലെ ചപ്പാത്തിൽ ഇറങ്ങിയപ്പോൾ നിയന്ത്രണം വിടുകയായിരുന്നു. പിന്നീട് കിണറിന്റെ സംരക്ഷണ ഭിത്തി തകർത്ത് ഉള്ളിലേക്ക് വീണു.
അപകടം നടന്നതിനു പിന്നാലെ ദമ്പതികൾക്ക് കാറിന്റെ ഡോർ തുറക്കാൻ സാധിച്ചതിനാൽ രക്ഷാപ്രവർത്തനം എളുപ്പമായി. ഇരുവരുടെയും പരുക്ക് ഗുരുതരമല്ല. കാർ പിന്നീട് ക്രൈയിൻ ഉപയോഗിച്ച് പുറത്തെടുത്തു.