കൊച്ചി: മൂന്നര വയസുകാരനെ അധ്യാപിക അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്ലേ സ്കൂൾ പൂട്ടാൻ നിർദ്ദേശം നൽകി പൊതു വിദ്യാഭ്യാസ വകുപ്പ്. മട്ടാഞ്ചേരി സമാർട്ട് കിഡ്സ് പ്ലേ സ്കൂളിൽ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കുട്ടിക്ക് മർദ്ദനമേറ്റെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിദ്യാഭ്യാസ വകുപ്പിൻറെ അംഗീകാരമില്ലാതെയാണ് പ്ലേ സ്കൂൾ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് നടപടി.
സ്കൂളിൻറെ പ്രവർത്തനം നിർത്തിവയ്ക്കാൻ നോട്ടീസ് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ അവകാശ നിയമവും കേരള വിദ്യാഭ്യാസ ചട്ടവും അനുസരിച്ചായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.
ബുധനാഴ്ചയാണ് ഇവിടെ പഠിച്ചിരുന്ന കുട്ടിക്ക് മർദനമേറ്റത്. ഇതുമായി ബന്ധപ്പെട്ട് അധ്യാപിക ആനവാതിൽ സ്വദേശി സീതാലക്ഷ്മിയെ (35) പോലീസ് അറസ്റ്റ് ചെയ്തിരുന്നു.