വടകര: ‘മൃഗം’ എന്ന തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനിടെ സംവിധായകൻ എല്ലാവരുടെയും മുന്നിൽവച്ച് തല്ലിയിരുന്നെന്ന് നടി പത്മപ്രിയ. മടപ്പള്ളി കോളജിൽ നാരായണക്കുറുപ്പ് സ്മാരക പ്രഭാഷണം നടത്തവെയാണ് സിനിമയിലെ ദുരനുഭവങ്ങൾ നടി തുറന്നു പറഞ്ഞത്. എന്നാൽ വാർത്ത പുറത്തുവന്നത് താൻ സംവിധായകനെ തല്ലിയെന്നാണെന്നും നടി പറഞ്ഞു. സിനിമയിൽ പുരുഷ മേധാവിത്തമാണെപ്പോഴുമെന്നും പത്മപ്രിയ പറഞ്ഞു.
‘‘മൃഗം സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. എന്നാൽ ആ സിനിമയിലെ അഭിനയത്തിന് തനിക്ക് സംസ്ഥാന അവാർഡ് കിട്ടിയെന്നും നടി. സിനിമകളിൽ പുരുഷകേന്ദ്രീകൃത കഥകൾക്ക് മാത്രമാണ് പ്രാധാന്യം. ഒരു സീൻ എടുക്കുമ്പോൾപോലും നടിമാരുടെ അനുവാദം ചോദിക്കാറില്ല.
ശക്തമായ സ്ത്രീ കഥാപാത്രങ്ങളുള്ള സിനിമകൾ ഇല്ല. ടെക്നിക്കൽ വിഭാഗത്തിലും സ്ത്രീ പ്രാതിനിധ്യം കുറവാണ്. ജൂനിയർ ആർട്ടിസ്റ്റുകൾ വലിയ പ്രശ്നം നേരിടുന്നു. കൃത്യമായി ഭക്ഷണം നൽകുന്നില്ല. ആരെങ്കിലും ആവശ്യപ്പെട്ടാൽ കൂടെ കിടക്കേണ്ട അവസ്ഥവരെയുണ്ട്. സിനിമയിൽ ഒരു പവർഗ്രൂപ്പ് ഉണ്ടെന്നും നടി വ്യക്തമാക്കി.
ഡബ്ല്യുസിസി അംഗങ്ങൾ പോയി കണ്ടതിനു പിന്നാലെ മുഖ്യമന്ത്രി ഹേമ കമ്മിറ്റിയെ നിയോഗിച്ചുവെന്നത് നല്ല കാര്യമാണ്. എന്നാൽ റിപ്പോർട്ട് പുറത്തുവരുവാൻ നാലര വർഷമെടുത്തത് എന്തുകൊണ്ടെന്ന് സർക്കാർ വിശദീകരിക്കണമെന്നും നടി പറഞ്ഞു.