ഡൽഹി: ഡൽഹിയിലെ ജയ്ത്പൂരിലെ നീമ ആശുപത്രിക്കുള്ളിൽ ഡോക്ടർ വെടിയേറ്റ് മരിച്ചു. ചികിത്സ തേടി ആശുപത്രിയിലെത്തിയ രണ്ടുപേരാണ് സംഭവത്തിനു പിന്നിൽ. അക്രമികളുടെ വെടിയേറ്റ് ജാവേദ് (55) ആണ് കൊല്ലപ്പെട്ടത്.
ആശുപത്രി ജീവനക്കാർ പറയുന്നതനുസരിച്ച്, ബുധനാഴ്ച രാത്രി ഏറെ വൈകിയാണ് രണ്ട് കൗമാരക്കാർ ആശുപത്രിയിൽ എത്തിയത്. അവരിൽ ഒരാൾ തൻ്റെ കാൽവിരലിന് പരിക്കേറ്റതായും മുറിവ്ഡ്രസ്സിംഗ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇവരിലൊരാൾ തലേദിവസം രാത്രി മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡ്രസ്സിംഗ് പൂർത്തിയാക്കിയ ശേഷം, കുറിപ്പടി വേണമെന്ന് പറഞ്ഞ കൗമാരക്കാർ യുനാനി മെഡിസിൻ പ്രാക്ടീഷണറായ ഡോക്ടർ ജാവേദ് അക്തറിൻ്റെ ക്യാബിനിലേക്ക് പോയി.
മിനിറ്റുകൾക്ക് ശേഷം നഴ്സിംഗ് സ്റ്റാഫായ ഗജല പർവീനും എംഡി കാമിലും വെടിയൊച്ച കേഴ്കുകയായിരുന്നു. അവർ ഡോക്ടറുടെ ക്യാബിനിലേക്ക് ഓടിക്കയറിയപ്പോൾ തലയിൽ വെടിയേറ്റു കിടക്കുന്ന നിലയിൽ ഡോകടറെ കണ്ടെത്തുകയായിരുന്നു. പ്രതികൾക്ക് 16 അല്ലെങ്കിൽ 17 വയസ് പ്രായമുണ്ടെന്ന് ആശുപത്രി ജീവനക്കാർ പോലീസിനോട് പറഞ്ഞു.
പ്രതികളെ അതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഡൽഹി പോലീസിന്റെ നേതൃത്വത്തിൽ പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് ഡൽഹി പോലീസ് അറിയിച്ചു.