ചെന്നൈ: വർഷങ്ങൾക്ക് മുൻപ്, അതായത് 2009 മേയ് 29ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എം കരുണാനിധി മകൻ എംകെ സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി അവരോധിച്ചു. ആ മകൻ പിന്നീട് മുഖ്യമന്ത്രിയായപ്പോഴും പിതാവിന്റെ പാത പിൻതുടർന്ന് മകൻ ഉദയനിധി സ്റ്റാലിനും ഉപമുഖ്യമന്ത്രി സ്ഥാനം നൽകി. ഉദയനിധി സ്റ്റാലിൽ അടുത്ത ഉപമുഖ്യമന്ത്രിയാകുമെന്ന് ദേശീയ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
തമിഴ്നാട് മന്ത്രിസഭ പുനസംഘടിപ്പിച്ചതോടൊപ്പമാണ് ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിന് സ്ഥാനം നൽകിയത്. ചെന്നൈ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആർ.എൻ. രവി പുതിയതായി മന്ത്രിസഭയിൽ എത്തിയവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിയായി സെന്തിൽ ബാലാജി, ഗോവി ചെഴിയൻ, ആർ. രാജേന്ദ്രൻ, എസ്.എം. നാസർ എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. അതേസമയം പാർട്ടിയിലും സർക്കാരിലും ഉദയനിധിയുടെ വർദ്ധിച്ചുവരുന്ന സ്വാധീനം ഊട്ടിയുറപ്പിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് സെപ്റ്റംബർ 29 ന് ചെന്നൈയിലെ രാജ്ഭവനിൽ നടക്കും.
ചെപ്പോക്കിനെ പ്രതിനിധീകരിച്ച് ആദ്യമായി എംഎൽഎയായ ഉദയനിധി മുമ്പ് യുവജനക്ഷേമ കായിക വികസന മന്ത്രിയായിരുന്നു. ക്ഷീര വികസന വകുപ്പ് മന്ത്രി ടി. മനോജ് ത്യാഗരാജ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഗിൻജി മസ്താൻ, ടൂറിസം വകുപ്പ് മന്ത്രി കെ. രാമചന്ദ്രൻ എന്നിവരെ മാറ്റിയാണ് പുതു മുഖങ്ങൾക്ക് അവസരം നൽകിയത്.
തൊഴിൽ കുംഭകോണത്തിലും കള്ളപ്പണം വെളുപ്പിക്കലിലും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെത്തുടർന്ന് രണ്ട് ദിവസം മുമ്പ് സുപ്രീം കോടതി ജയിൽ മോചിതനായ സെന്തിൽ ബാലാജിയെ രാജിക്ക് മുമ്പ് വഹിച്ച വകുപ്പുകളുമായി സംസ്ഥാന മന്ത്രിസഭയിലേക്കെത്തിയിരിക്കുന്നത്. ബാലാജിയെ മന്ത്രിസഭയിലേക്ക് തിരിച്ചെടുത്തത് പാർട്ടിക്കുള്ളിലെ തന്ത്രപ്രധാനമായ ക്രമീകരണമായാണ് വിലയിരുത്തപ്പെടുന്നത്. പടിഞ്ഞാറൻ തമിഴ്നാട് ജില്ലകളുടെ പൂർണ ചുമതല ബാലാജിക്ക് നൽകുമെന്ന് പാർട്ടിയിലെ ഒരു ഉന്നത നേതാവ് പറഞ്ഞു.
തമിഴ്നാടിൻറെ ചരിത്രമെടുത്തു നോക്കിയാൽ ഇത് മൂന്നാം തവണയാണ് ഉപമുഖ്യമന്ത്രി പദവി ഒരാൾക്ക് ലഭിക്കുന്നത്. 2009-2011 കാലഘട്ടത്തിൽ കരുണാനിധി മന്ത്രിസഭയിൽ എംകെ. സ്റ്റാലിനും, 2017-21 കാലഘട്ടത്തിൽ ഇപിഎസ് മന്ത്രിസഭയിൽ ഒ. പനീർസെൽവവും ഉപമുഖ്യമന്ത്രി പദം കൈകാര്യം ചെയ്തിട്ടുണ്ട്.