മലപ്പുറം: മുഖ്യമന്ത്രിയെയും പാർട്ടിയേയും വെല്ലുവിളിച്ച് പി.വി. അൻവർ എംഎൽഎ നടത്തുന്ന രാഷ്ട്രീയവിശദീകരണ യോഗം നിലമ്പൂരിൽ ആരംഭിച്ചു. നിലമ്പൂരിൽ ചന്തക്കുന്നിലെ ബസ്സ്റ്റാൻഡിനടുത്തെ യോഗ സ്ഥലത്തേക്ക് പ്രകടനവുമായാണ് അൻവറെത്തിയത്. സിപിഎം മരുത മുൻ ലോക്കൽ സെക്രട്ടറി ഇ.എ. സുകു യോഗത്തിൽ സ്വാഗതം പറഞ്ഞു.
അൻവറിനെ കേൾക്കാൻ വിവിധ ജില്ലകളിൽ നിന്ന് നിരവധിപ്പേരാണ് എത്തിയിരിക്കുന്നത്. അതിൽ സിപിഎം പ്രവർത്തകരും പാർട്ടി വിട്ടവരുമുണ്ടെന്നാണ് അറിയുന്നത്. അതോടൊപ്പം വിവിധ ജില്ലകളിൽ അൻവർ അനുകൂല പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
അൻവറിനെതിരെ ആക്രമണമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് എടവണ്ണ മുതൽ വൻ പോലീസ് സുരക്ഷയിലാണ് അൻവർ വേദിയിലെത്തിയത്. രാവിലെ പാലക്കാട് അൻവർ പങ്കെടുത്ത വേദിയിൽ സംഘർഷമുണ്ടായത് കണക്കിലെടുത്താണ് വൻ സുരക്ഷ ഒരുക്കിയത്.