കൊച്ചി: ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഒളിവിൽ പോയ നടൻ സിദ്ദിഖിനെതിരെ തടസ ഹർജിയുമായി സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ. പ്രോസിക്യൂഷൻറെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് സുപ്രിം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സർക്കാർ വ്യക്തമാക്കി. അതേ സമയം മുൻകൂർ ജാമ്യാപേക്ഷയുമായി സിദ്ദിഖും സുപ്രിം കോടതിയെ സമീപിച്ചു.
വൈകിട്ട് ഏഴ് മണിക്കാണ് സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗിയുടെ ജൂനിയറായ അഭിഭാഷക രഞ്ജീത റോത്തഗി മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്. മുൻകൂർ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഹർജി നൽകിയത്. സിദ്ദിഖിന് വേണ്ടി സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗി ആണ് സുപ്രീം കോടതിയിൽ ഹാജരാക്കുക. നടിയെ ആക്രമിച്ച കേസിൽ സുപ്രീം കോടതിയിൽ ദിലീപിന് വേണ്ടി ഹാജരായ അതേ അഭിഭാഷക സംഘമാണ് സിദ്ദിഖിന് വേണ്ടിയും സുപ്രീം കോടതിയിൽ കേസ് നടത്തുന്നത്.
സംസ്ഥാന സർക്കാരിൻറെ സ്റ്റാൻഡിംഗ് കോൺസലാണ് സുപ്രീംകോടതിയിൽ തടസഹർജി ഫയൽചെയ്തത്. സർക്കാരിനു വേണ്ടി മുൻ സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാർ ഹാജരാകും.
ഇതിനിടെ, സിദ്ദിഖ് മുൻകൂർ ജാമ്യാപേക്ഷ നൽകിയാൽ തൻറെ ഭാഗം കേൾക്കാതെ തീരുമാനം എടുക്കരുതെന്ന് ആവശ്യപ്പെട്ട് തടസഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് അതിജീവിതയും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഒളിവിൽപോയ നടൻ സിദ്ദിഖിനെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് ഊർജിതമാക്കി. തിരുവനന്തപുരത്തു നിന്നുള്ള അന്വേഷണസംഘം കൊച്ചിയിൽ പരിശോധന തുടരുകയാണ്. കൊച്ചിയിലും ആലുവയിലും പ്രത്യേക ടീമുകളും അന്വേഷണം നടത്തുന്നുണ്ട്.
സിദ്ദിഖിൻറെ എറണാകുളത്തുള്ള രണ്ടു വീടുകളിലും, പോകാൻ സാധ്യതയുള്ള ഹോട്ടലുകളിലും മറ്റു സ്ഥലങ്ങളിലുമായി ഒരു പകലും രാത്രിയും പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് അദ്ദേഹം ഫോൺ സ്വിച്ച്ഓഫ് ചെയ്തിരുന്നു. പിന്നീട് ഇന്ന് ഫോൺ ഓണായെങ്കിലും പിന്നീട് വീണ്ടും സ്വിച്ച്ഓഫ് ചെയ്യുകയായിരുന്നു. ഇന്നലെ പുലർച്ചെ സിദ്ദിഖ് മകന്റെ കാറിൽ കയറിയാണ് പോയതെന്നും സൂചനകളുണ്ട്.