സോനിപ്പത്ത്: പാരിസ് ഒളിമ്പിക്സിൽ നിന്ന് അയോഗ്യാക്കപ്പെട്ട ഗുസ്തി താരവും ഹരിയാനയിലെ കോൺഗ്രസ് സ്ഥാനാർഥിയുമായ വിനേഷ് ഫോഗട്ടിന് നോട്ടീസയച്ച് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ). ഉത്തേജക മരുന്ന് പരിശോധനയ്ക്കായി ഉണ്ടാകുമെന്നറിയിച്ച സ്ഥലത്ത് ഹാജരാകാത്തതിൽ വിശദീകരണം ചോദിച്ചാണ് നാഡ വിനേഷിന് നോട്ടീസയച്ചത്. 14 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.
സെപ്റ്റംബർ 9 ന് സോനിപ്പത്തിലെ വിനേഷിന്റെ വീട്ടിൽ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് തയാറാണെന്ന് വിനേഷ് ഫോഗട്ട് അറിയിച്ചതു പ്രകാരം ഒരു ഡോപ് കൺട്രോൾ ഉദ്യോഗസ്ഥനെ പരിശോധന നടത്താനായി അയച്ചിരുന്നുവെന്നും എന്നാൽ ആ സമയം വിനേഷ് വീട്ടിലുണ്ടായിരുന്നില്ലെന്നും നാഡ പ്രസ്താവനയിൽ പറഞ്ഞു.
നാഡയുടെ രജിസ്റ്റേഡ് ടെസ്റ്റിങ് പൂളിൽ (ആർടിപി) രജിസ്റ്റർ ചെയ്തിരിക്കുന്ന അത്ലറ്റുകൾ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് തയാറാകുന്ന സമയവും സ്ഥലവും അറിയിക്കേണ്ടതുണ്ട്. എന്നാൽ വിവരം നൽകിയതു പ്രകാരം പരിശോധനയ്ക്ക് ഹാജരായില്ലെങ്കിൽ വേർഎബൗട്ട് ഫെയിലിയറായി കണക്കാക്കും. 12 മാസത്തിനിടയിൽ മൂന്നു തവണ ഇത്തരത്തിൽ പരിശോധനയ്ക്ക് തയാറാവാതിരുന്നാൽ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിക്ക് താരത്തിനെതിരേ നടപടിയെടുക്കാം. ഇതു മറികടക്കണമെങ്കിൽ വിനേഷിന് ഒന്നുകിൽ പരാജയം അംഗീകരിക്കുകയോ, അല്ലെങ്കിൽ 60 മിനിറ്റോളം അവൾ ആ സ്ഥലത്ത് ഉണ്ടായിരുന്നു എന്നതിന് തെളിവ് ഹാജരാക്കുകയോ വേണം.
നിലവിൽ ഹരിയാന ജിന്ദ് ജില്ലയിലെ ജുലാന മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയാണ് വിനേഷ്. ഹരിയാണയിൽ 90 നിയമസഭാസീറ്റുകളിലേക്കുള്ള തെരഞ്ഞടുപ്പ് ഒക്ടോബർ അഞ്ചിനാണ്.