മലപ്പുറം: എഡിജിപി എംആർ അജിത് കുമാറിനെതിരായ റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ വീണ്ടും രൂക്ഷ വിമർശനവുമായി പിവി അൻവർ എംഎൽഎ. എഡിജിപിക്ക് കസേര മാറ്റമല്ല നൽകേണ്ടത്, സസ്പെൻഡ് ചെയ്യുകയാണ് വേണ്ടതെന്ന് അൻവർ.
അജിത് കുമാർ മുഖ്യമന്ത്രിയുടെ സീമന്തപുത്രനാണ്. അതിനാൽ തന്നെ എഡിജിപി സ്വർണം കടത്തിയാലും പൂരം കലക്കിയാലും കേസില്ല. ഫോൺ ചോർത്തുന്നുവെന്ന് പറഞ്ഞതിന് എന്റെ പേരിൽ കേസ് നടക്കട്ടെ. ഇനിയും കേസുകൾ വരാം. ചിലപ്പോൾ ഇന്നു മഞ്ചേരിയിൽ നടക്കുന്ന പരിപാടികൾ കഴിഞ്ഞാൽ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും അൻവർ പറഞ്ഞു.
അജിത്കുമാർ ഫ്ലാറ്റ് വാങ്ങിയതും വിറ്റതും കള്ളപ്പണമിടപാടിന്റെ ഭാഗമായാണ്. മുഖ്യമന്ത്രി അജിത് കുമാറിനെ കൈവിടാതെ കെട്ടിപ്പിടിച്ചിരുന്ന് പൊതുസമൂഹത്തെ പച്ചയായി കബളിപ്പിക്കുകയാണെന്നും അൻവർ ആരോപിച്ചു.
ഇന്ന് എന്തായാലും കാര്യങ്ങൾക്ക് തീരുമാനമുണ്ടാകും. മാത്രമല്ല സിഎംഒയുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായ റിപ്പോർട്ടാണ് ഡിജിപി സർക്കാരിനു നൽകിയിരിക്കുന്നത്. അവിടെയാണ് സർക്കാർ കുടുങ്ങിയിട്ടുള്ളതെന്നും അൻവർ കൂട്ടിച്ചേർത്തു.
നിയമസഭയിൽ തന്റെ സീറ്റു മാറ്റിയതിനെതിരേ സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. തന്നെ നിയമസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തേക്കാം. അങ്ങനെയുണ്ടായാൽ നിയമപരമായി നേരിടും. എല്ലാ അഭ്യാസവും നടത്തിയാണ് നിൽക്കുന്നത്. നിവൃത്തിയില്ലാതെ വന്നാൽ എംഎൽഎ സ്ഥാനം വിടുമെന്നും അൻവർ പറഞ്ഞു.