മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയിൽ രണ്ടു നില കെട്ടിടത്തിൽ വൻ തീപിടിത്തം. അപകടത്തിൽ മൂന്നു കുട്ടികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു. ചെമ്പൂര് ഈസ്റ്റിലെ എഎൻ ഗെയ്ക്വാദ് മാർഗിലെ സിദ്ധാർഥ് കോളനി പ്രദേശത്ത് പുലര്‍ച്ചെ 5.20നാണു അപകടമുണ്ടായത്.
ഫ്ലാറ്റുകളും കടകളുമുള്ള സമുച്ചയത്തിനാണ് തീപിടിച്ചത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഷോപ്പും മുകളിലത്തെ നില വാടകയ്ക്ക് നല്‍കിയിരിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. താഴത്തെ നിലയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. താഴത്തെ നിലയിൽ നിന്ന് തീ രണ്ടാം നിലയിലേക്കു വ്യാപിക്കുകയായിരുന്നുവെന്ന് അധികൃതർ പിടിഐയോട് പറഞ്ഞു.
അപകടത്തിൽ ഗുരുതരമായി പരുക്കുപറ്റിയ ആളുകളെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വച്ച് മരിക്കുകയായിരുന്നു. പാരിസ് ഗുപ്ത (ഏഴ്), മഞ്ജു പ്രേം ഗുപ്ത (30), അനിത ഗുപ്ത (39), പ്രേം ഗുപ്ത (30), നരേന്ദ്ര ഗുപ്ത (10), വിധി ഗുപ്ത (15), ഗീതാദേവി ഗുപ്ത (60) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ രാജവാഡി ആശുപത്രിയിലേക്ക് മാറ്റി.