കൊച്ചി: എറണാകുളം കോതമംഗലത്തിനടുത്ത് ഭൂതത്താൻകെട്ടിൽ സിനിമാ ഷൂട്ടിങ്ങിനിടെ നാട്ടാനയുടെ കുത്തുകൊണ്ട് വിരണ്ടോടിയ നാട്ടാന ‘പുതുപ്പള്ളി സാധു’വിനെ കണ്ടെത്തി. പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തു നിന്നാണ് തിരച്ചിൽ സംഘം ആനയെ കണ്ടെത്തിയത്. ആന ആരോഗ്യവാനാണെന്നും പുറത്തേയ്ക്ക് എത്തിക്കാൻ ശ്രമം തുടങ്ങിയെന്നും വനപാലകസംഘം അറിയിച്ചു. ആനയ്ക്കടുത്തേക്ക് പാപ്പാൻമാർ എത്തിയിട്ടുണ്ട്. കൂടെയുണ്ടായിരുന്ന നാട്ടാന മണിക്ഠന്റെ കുത്തുകൊണ്ട് കാടിനകത്തേക്കു കയറിപ്പോയ സാധുവിനെ നാല് കിലോമീറ്ററിനുള്ളിൽ നിന്നാണ് വനപാലക സംഘം കണ്ടെത്തിയത്.
തെലുങ്ക് സൂപ്പർ സ്റ്റാർ വിജയ് ദേവരകൊണ്ട നായകനായ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. സിനിമാ ചിത്രീകരണത്തിനിടെ കൊമ്പന്മാർ കുത്തുകൂടുകയായിരുന്നു. കുത്തേറ്റ പുതുപ്പള്ളി സാധു എന്ന നാട്ടാന കാട്ടിലേക്ക് ഓടി. ആന വിരണ്ടതോടെ ഷൂട്ടിങ് താത്കാലത്തേക്ക് നിർത്തിവെച്ച് സിനിമാസംഘം മടങ്ങി. പിന്നീട് വനംവകുപ്പ് ജീവനക്കാരുൾപ്പെടെയുള്ളവർ ഏറെനേരം തിരഞ്ഞെങ്കിലും ആനയെ കണ്ടെത്താനാകാതെ വന്നതോടെ തിരച്ചിലവസാനിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് ആനയെ കണ്ടെത്താനായത്.
ഷൂട്ടിങ്ങിനായെത്തിച്ച ആനകളുടെ ചങ്ങലകൾ അഴിച്ചുമാറ്റി ആനകൾ റോഡ് കുറുകെ കടക്കുന്ന സീൻ ചിത്രീകരിക്കുന്നതിനിടെ മണികണ്ഠൻ എന്ന കൊമ്പൻ സാധുവിനെ കുത്തുകയായിരുന്നു. കാട്ടിലേക്കു കയറിപ്പോയ ആന പേരു പോലെ തന്നെ സാധുവാണെന്നാണ് പാപ്പാന്റെ അഭിപ്രായം. പക്ഷെ ഒരു കുഴപ്പമേയുള്ളു, വെള്ളം കണ്ടാൽ മാത്രം ഇത്തിരി മസിലു പിടിക്കും. കാരണം ഇഷ്ടന് വെള്ളത്തിൽ ഇറങ്ങാൻ അൽപം മടിയുള്ള കൂട്ടത്തിലാണെന്നും പാപ്പാൻ പറഞ്ഞു.