കൽപ്പറ്റ: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. അമ്മ സോണിയ ഗാന്ധി, സഹോദരൻ രാഹുൽ ഗാന്ധി, ഭർത്താവ് റോബർട്ട് വാദ്ര, മകൻ റെയ്ഹാൻ വാദ്ര, എന്നിവർക്കൊപ്പമായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഇവരെ കൂടാതെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സംഘടനാ ചുമതലയുള്ള
ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ തുടങ്ങിയവർ പ്രിയങ്കയ്ക്കൊപ്പമുണ്ടായിരുന്നു.
മകനും ഭർത്താവിനും ഒപ്പമാണ് ആദ്യ സെറ്റ് പത്രിക നൽകിയത്. പിന്നീട് അവർ പുറത്ത് പോയ ശേഷം സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയുമൊപ്പം എത്തി ഇവരുടെ സാന്നിധ്യത്തിലാണ് രണ്ടാം സെറ്റ് പത്രിക സമർപ്പിച്ചത്. പിന്നീട് അവിടെയുള്ള ജീവനക്കാരെ അഭിസംബോധന ചെയ്ത ശേഷം വയനാട് ദുരന്തമേഖലയിലേക്കു പോവുകയായിരുന്നു. നേരത്തെ പത്രിക സമർപ്പിച്ച ശേഷം കണ്ണൂരെത്തി തിരിച്ചുപോകുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.
രാവിലെ സഹോദരനും ഭർത്താവിനും മകനുമൊപ്പം റോഡ് ഷോയ്ക്കും ജനങ്ങളെ അഭിസംബോധന ചെയ്തതിനും ശേഷമാണ് പ്രിയങ്ക കലക്ടറേറ്റിലെത്തിയത്. കൽപ്പറ്റയിൽ നടന്ന റോഡ് ഷോയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. പ്രിയങ്കയും സോണിയയും ചൊവ്വാഴ്ച്ച വൈകുന്നേരം വയനാട്ടിലെത്തിയിരുന്നു. ബുധനാഴ്ച്ച രാവിലെയാണ് രാഹുൽ എത്തിയത്. അവിടെ നിന്നും റോഡ് ഷോയ്ക്കു ശേഷം കലക്റ്ററേറ്റിലെത്തി പത്രിക സമർപ്പിക്കുകയായിരുന്നു.