കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ നടി ബീനാ ആന്റണി, നടനും ബീനയുടെ ഭർത്താവുമായ മനോജ്, നടി സ്വാസിക എന്നിവർക്കെതിരെ കേസ്. യൂട്യൂബ് ചാനലിലൂടെ വൈരാഗ്യത്തിന്റെ പേരിൽ അപമാനിച്ചുവെന്ന് കാണിച്ച് നടി ബീനാ ആന്റണിയെ ഒന്നാം പ്രതിയാക്കിയും ഭർത്താവ് മനോജ് രണ്ടാം പ്രതിയാക്കിയും നടി സ്വാസിക മൂന്നാം പ്രതിയാക്കിയും നെടുമ്പാശേരി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
താൻ പ്രമുഖ നടന്മാർക്കെതിരെ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ താരങ്ങൾ യൂട്യൂബ് ചാനലിലൂടെ തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് നടി പരാതിയിൽ പറയുന്നു. പോലീസ് മൂവരക്കുമെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ നടന്മാരായ ഇടവേള ബാബു, മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ, ജാഫർ ഇടുക്കി, സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ എന്നിവർക്കെതിരെ പരാതിക്കാരിയായ നടി ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ഇവരുടെ പരാതിയിൽ നടന്മാർക്കെതിരെ പൊലീസ് കേസെടുത്തു. ഇതിനു പിന്നാലെയാണ് ഈ നടിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ബീനാ ആന്റണിയും മനോജും സ്വാസികയും രംഗത്തെത്തിയത്.
നിലവിൽ പരാതിക്കാരിക്കെതിരെ നടിയുടെ ബന്ധു നൽകിയ പരാതിയിൽ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. കൂടാതെ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ നൽകിയ പരാതിയിൽ നടിക്കും നടിയുടെ അഭിഭാഷകനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.