തിരുവനന്തപുരം: കുണ്ടന്നൂരിലെ ഹോട്ടലിൽ നടന്ന ലഹരിക്കേസിൽ സിനിമാ താരങ്ങൾക്ക് പങ്കില്ലെന്ന് കൊച്ചി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യ. ഗുണ്ടാ നേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ട കേസിൽ നേരത്തെ നടൻ ശ്രീനാഥ് ഭാസിയുടെയും നടി പ്രയാഗ മാർട്ടിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സിനിമാ മേഖലയിലുള്ളവർക്ക് ലഹരിക്കേസിൽ പങ്കില്ലെന്നാണു പ്രാഥമിക നിഗമനമെന്നും കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും പോലീസ് കമ്മിഷണർ വ്യക്തമാക്കി.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് കുണ്ടന്നൂരിലെ ഹോട്ടലിൽ ലഹരിപ്പാർട്ടി നടത്തിയ സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശും കൂട്ടാളി ഷിഹാസും അറസ്റ്റിലായത്. ഇതിനു പിന്നാലെ ഇവരെ സന്ദർശിച്ചെന്ന സംശയത്തിൽ നടൻ ശ്രീനാഥ് ഭാസി, നടി പ്രയാഗ മാർട്ടിൻ എന്നിവരെ പൊലീസ് സംഘം ചോദ്യം ചെയ്തത്.
എന്നാൽ ഓംപ്രകാശിനെക്കുറിച്ചും ലഹരി പാർട്ടിയെക്കുറിച്ചും അറിയാതെയാണു ഹോട്ടലിലെത്തിയതെന്നായിരുന്നു നടി പ്രയാഗയുടെ മൊഴി. മാത്രമല്ല ഇരുവരും ലഹരി ഉപയോഗിച്ചിട്ടില്ലെന്നും വേണമെങ്കിൽ രക്ത പരിശോധനയ്ക്കു തയാറാണെന്നും പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു.