ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവിഎം അട്ടിമറി നടന്നുവെന്ന മുൻ ആരോപണത്തിലുറച്ച് കോൺഗ്രസ് നേതാക്കൾ. അട്ടിമറി സംശയിക്കുന്ന 20 മണ്ഡലങ്ങളുടെ ലിസ്റ്റ് തെരഞ്ഞെടുപ്പ് കമ്മിഷന് കോൺഗ്രസ് കൈമാറിയതായി പാർട്ടി വാക്താവ് പവൻ ഖേര അറിയിച്ചു.
99 ശതമാനം ചാർജുണ്ടായിരുന്ന ഇവിഎമ്മുകളിലാണ് കോൺഗ്രസിന്റെ പ്രധാന സംശയം. കാരണം ഇവിഎമ്മിൽ ഫുൾ ചാർജ് കാണിക്കുന്ന മണ്ഡലങ്ങളിലെല്ലാം കോൺഗ്രസ് സ്ഥാനാർഥികൾ പരാജയപ്പെട്ടതായും ഇത്തരത്തിൽ 20 സീറ്റുകളിലെ സ്ഥാനാർഥികളുടെ എഴുതി തയാറാക്കിയതും വാക്കാലുമുള്ള പരാതി തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയതായി നേതാക്കൾ അറിയിച്ചു. വോട്ടെണ്ണൽ ദിനത്തിൽ തന്നെ കോൺഗ്രസ് ഇത് സംബന്ധിച്ച ആരോപണം ഉയർത്തിയിരുന്നു.
99 ശതമാനം ബാറ്ററി ചാർജ് പ്രദർശിപ്പിച്ച യന്ത്രങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികൾ പരാജയപ്പെട്ടത് വിചിത്രമായ യാദൃശ്ചികതയാണ്. 60-70 ശതമാനം ബാറ്ററി ചാർജുള്ള മെഷീനുകളിൽ കോൺഗ്രസ് സ്ഥാനാർഥികൾ വിജയിക്കുകയും ചെയ്തതായി’ പവൻ ഖേര പറഞ്ഞു.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ കോൺഗ്രസ് പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മിഷനെ സന്ദർശിച്ചിരുന്നു. കനത്ത ഭരണവിരുദ്ധ വികാരം മുൻ നിർത്തി ഹരിയാനയിൽ കോൺഗ്രസ് വിജയിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. മാത്രമല്ല, എക്സിറ്റ് പോൾ പ്രവചനങ്ങളും കോൺഗ്രസ് വിജയം ഉറപ്പിച്ചിരുന്നു. എന്നാൽ എല്ലാം കാറ്റിൽപറത്തി ഹരിയാനയിൽ ബിജെപി മൂന്നാംവട്ടവും അധികാരത്തിലേറുകയായിരുന്നു.