ബെംഗളൂരു: 36 വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു വിരാമമിട്ട് ഇന്ത്യൻ മണ്ണിൽ കിവീസിനു തകർപ്പൻ ജയം. എട്ടു വിക്കറ്റിനാണ് ന്യൂസീലന്‍ഡ് എട്ടു വിക്കറ്റിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഒന്നാം ടെസ്റ്റിന്റെ അവസാനദിനം കിവീസ് അനായാസം ലക്ഷ്യത്തിലെത്തി. രണ്ടാമിന്നിങ്സിൽ ഇന്ത്യ ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ന്യൂസീലന്‍ഡ് മറികടന്നു. ഇതിന് മുമ്പ് 1988 ലാണ് സ്വന്തം മണ്ണില്‍ ഇന്ത്യയെ ന്യൂസീലന്‍ഡ് പരാജയപ്പെടുത്തിയത്. സ്കോര്‍; ഇന്ത്യ-46,462 ന്യൂസിലന്‍ഡ്- 402, 110/2
അഞ്ചാം ദിനം കളി ആരംഭിക്കുമ്പോൾ തന്നെ ആത്മവിശ്വാസത്തോടെയായിരുന്നു ഇന്ത്യൻ താരങ്ങൾ കളത്തിലിറങ്ങിയത്. അതിനു ആക്കംകൂട്ടി തുടക്കത്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി ജസ്പ്രീത് ബുംറ പ്രതീക്ഷ സമ്മാനിക്കുകയും ചെയ്തു. മത്സരം ആരംഭിച്ച് രണ്ടാം പന്തില്‍ തന്നെ കിവീസിന് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. ടോം ലാതത്തെ (0) ജസ്പ്രീത് ബുംറ പുറത്താക്കി. പിന്നാലെ ഡേവോണ്‍ കോണ്‍വേയും വില്‍ യങുമാണ് സ്കോര്‍ ഉയര്‍ത്തിയത്. ടീം സ്കോര്‍ 35 ല്‍ നില്‍ക്കേ കോണ്‍വേയേയും പുറത്താക്കി ബുംറ തിരിച്ചടിച്ചു. 17 റണ്‍സാണ് കോണ്‍വേയുടെ സമ്പാദ്യം. ഇതോടെ കളി കൈപ്പിടിയിലൊതുക്കാമെന്ന് ഇന്ത്യ കരുതി.
എന്നാല്‍ പിന്നീട് ഇന്ത്യൻ പ്രതീക്ഷകള്‍ക്ക് മങ്ങലേൽക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ വില്‍ യങ്ങും രചിന് രവീന്ദ്രയും മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യന്‍ ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും പതിയെ സ്കോര്‍ ഉയര്‍ത്തി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ഇന്ത്യയ്ക്ക് ഒരവസരവും ലഭിച്ചില്ല. വില്‍ യങ് (48), രചിന് രവീന്ദ്ര(39) എന്നിവര്‍ പുറത്താവാതെ നിന്നതോടെ വിജയം കിവീസ് ഉറപ്പിച്ചു.
നേരത്തേ ആദ്യ ഇന്നിങ്സിൽ കൂറ്റൻ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സിലാണ് മത്സരത്തിലേക്ക് തിരിച്ചുവരുന്നത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 462 റൺസെടുത്തു. സെഞ്ചുറി നേടിയ സർഫറാസ് ഖാന്റെയും ഒരു റൺ അകലെ വച്ച് സെഞ്ചുറി നഷ്ടമായ ഋഷഭ് പന്തിന്റെയും പിൻബലത്തിലാണ് ഇന്ത്യ 462 റൺസിലെത്തിയത്. 150 റൺസെടുത്ത സർഫറാസായിരുന്നു ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ.
രണ്ടാം ഇന്നിങ്സിൽ ഋഷഭ് പന്തിന്റേയും സര്‍ഫറാസ് ഖാന്റേയും നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ നാണക്കേടിൽ നിന്ന് കരകയറ്റിയത്.
എന്നാൽ ഇരുവരും പറത്തായതോടെ കളി കൈവിട്ടുപോവുകയായിരുന്നു. കെഎല്‍ രാഹുല്‍ (12), രവീന്ദ്ര ജഡേജ (5), രവിചന്ദ്രന്‍ അശ്വിന് (15), ജസ്പ്രീത് ബുംറ (0), മുഹമ്മദ് സിറാജ് (0) എന്നിങ്ങനെയായിരുന്നു ഇന്ത്യൻ താരങ്ങളുടെ സംഭാവന.
കുല്‍ദീപ് യാദവ് ആറ് റണ്‍സെടുത്ത് പുറത്താവാതെ നിന്നു. വിരാട് കോലി (70), രോഹിത് ശര്‍മ (52),യശസ്വി ജയ്സ്വാള്‍ (35) എന്നിവരും ഇന്ത്യന്‍ സ്കോറിലേക്ക് മികച്ച സംഭാവന നല്കി. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 46 റൺസിന് പുറത്തായിരുന്നു. അഞ്ച് ഇന്ത്യൻ ബാറ്റ്സ്മാൻമാരായിരുന്നു ആദ്യ ഇന്നിങ്സിൽ പൂജ്യത്തിനു മടങ്ങിയത്.