പത്തനംതിട്ട: കണ്ണൂർ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പാർട്ടി എന്നും നവീനിന്റെ കുടുംബത്തിനൊപ്പമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മരിച്ച നവീൻ ബാബുവിന്റെ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിലെത്തി കുടുംബത്തോട് സംസാരിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആര് എന്തൊക്കെ പറഞ്ഞാലും പാർട്ടി ഈ കുടുംബത്തിനൊപ്പമാണ്. നവീൻ ബാബുവിന്റെ അപ്രതീക്ഷിതമായ മരണം കുടുംബത്തെ മാത്രമല്ല, അദ്ദേഹവുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളെയും ദുഃഖത്തിലാഴ്ത്തിയ സംഭവമാണ്. ഇങ്ങനെയൊരു സംഭവം നടക്കുമ്പോൾ ഞങ്ങൾ പിബിയുമായി ബന്ധപ്പെട്ട് ഡൽഹിയിലായിരുന്നു. അവിടെ നിന്നാണ് സംഭവങ്ങൾ അറിയുന്നത്. ആ കുടുംബം വളരെ അധികം പ്രയാസം അനുഭവിക്കുന്ന സമയമാണിതെന്നും അതിനാലാണ്തിരിച്ചെത്തിയ ഉടൻ കുടുംബത്തെ സന്ദർശിക്കാൻ തീരുമാനിച്ചതെന്നുമാണ് അദ്ദേഹം പറഞ്ഞത്.
സർവവും നഷ്ടപ്പെട്ട തങ്ങൾക്ക് നിയമ പരിരക്ഷ വേണമെന്നാണ് നവീന്റെ കുടുംബത്തിന്റെ ആവശ്യം. കൂടാതെ അദ്ദേഹത്തിന്റെ മരണത്തിനു ഉത്തരവാധികളായവർക്കു തക്കതായ ശിക്ഷ ലഭിക്കണമെന്നും. എല്ലാ അർഥത്തിലും പാർട്ടി അവർ അഭിമുഖീകരിക്കുന്ന വേദനയ്ക്കൊപ്പമാണ്, ഈ കുടുംബത്തിനൊപ്പമാണെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
നവീനിന്റെ മരണവും അതിനു ഉത്തരവാദിയായവരും ഒരു പാർട്ടിക്കാരായതിനാൽ പാർട്ടി രണ്ട് തട്ടിലാണെന്ന പ്രചരണം മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. പാർട്ടി ഇക്കാര്യത്തിൽ ഒരുതട്ടിൽ തന്നെയാണ്. അത് കണ്ണൂരിലെ പാർട്ടി ആയാലും പത്തനംതിട്ടയിലെ പാർട്ടിയായാലും കേരളത്തിലെ പാർട്ടി ആയാലും കുടുംബത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദിവ്യക്കെതിരെയുള്ള സംഘടനപരമായ നടപടിയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അത് പാർട്ടിക്കുള്ളിലെ കാര്യമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ജനങ്ങളുമായി ബന്ധപ്പെട്ടത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമായിരുന്നു. ആ സ്ഥാനത്തുനിന്ന് നീക്കുകയെന്നതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട നടപടി. അത് ഇതിനോടകം എടുത്തുകഴിഞ്ഞു. അത് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി എന്ത് നടപടിയുണ്ടായാലും അത് സ്വീകരിക്കുന്നതിനു പാർട്ടിയുടെ പിന്തുണയുണ്ട്. മാത്രമല്ല ജില്ലാ കലക്ടർക്കെതിരെയുള്ള ആരോപണവും അന്വേഷിക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായുള്ള നടപടികൾ ഉണ്ടാകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.