പാർട്ടിയിൽ നിന്ന് അച്ചടക്ക നടപടി നേരിട്ട സിപിഎം ജില്ല കമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ പി.കെ. ശശിക്കെതിരേ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ശശിക്കെതിരേ നടപടിയെടുത്തത് അയാൾ ചെയ്ത നീചമായ പ്രവൃത്തിക്കെന്ന് ഗോവിന്ദൻ. സാമ്പത്തിക ക്രമക്കേട് മാത്രമല്ല ശശി നടത്തിയത്. മറിച്ച്, പാർട്ടി ജില്ലാ സെക്രട്ടറിയായ സുരേഷ് ബാബുവിനെ കള്ളുകേസിലും സ്ത്രീപീഡനക്കേസിലും ശശി പ്രതിയാക്കാൻ ശ്രമിച്ചു. സിപിഎമ്മിൻറെ പാലക്കാട് മേഖലാതല റിപ്പോർട്ടിംഗിൽ സംസാരിക്കുകയായിരുന്നു ഗോവിന്ദൻ
സുരേഷ് ബാബുവിനെ കുടുക്കാനായി ഒരു മാധ്യമപ്രവർത്തകനുമായി ഗൂഢാലോചന നടത്തി. പിന്നീട് സത്യാവസ്ഥ മനസിലായ മാധ്യമപ്രവർത്തകൻ തന്നെ ഇക്കാര്യം പാർട്ടിയെ അറിയിച്ചു. ഇതിനെല്ലാം തെളിവ് ലഭിച്ചെന്നും ഗോവിന്ദൻ പറഞ്ഞു. അതിനാലാണ് പി. ശശിക്കെതിരെ പാർട്ടി അച്ചടക്ക നടപടിയെടുത്തത്.
പാർട്ടി എപ്പോഴും വ്യക്തിയുടെ പിന്നിലല്ല, പാർട്ടിയുടെ പിന്നിലാണ് വ്യക്തികൾ അണിനിരക്കേണ്ടത്. ചില നേതാക്കളുടെ കോക്കസായി നിൽക്കാമെന്ന് ആരും കരുതേണ്ട. വ്യക്തിക്ക് നേതാവ് എന്ന പദവി ലഭിക്കുന്നതു പാർട്ടിയിൽ നിന്നാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.