മലപ്പുറം: പള്ളിപ്പുറത്തുനിന്നു കാണാതായ യുവാവിന്റെ ഫോൺ ഓണായതായി കണ്ടെത്തി. സഹോദരി വിളിച്ചപ്പോഴാണ് ഫോൺ റിങ് ചെയ്തത്. മറുവശത്തുള്ളയാൾ ഫോൺ എടുത്തെങ്കിലും ഒന്നും സംസാരിക്കാതെ കട്ട് ചെയ്യുകയും ചെയ്തു. ഫോൺ എടുത്തത് വിഷ്ണുജിത്ത് തന്നെയാണെന്ന വിശ്വാസത്തിലാണ് വീട്ടുകാർ. ആറു ദിവസം മുൻപാണ് മങ്കട പള്ളിപ്പുറം കുറന്തല വീട്ടിൽ വിഷ്ണുജിത്തിനെ (30) കാണാതായത്. പാലക്കാട്ടേക്ക് വിവാഹത്തിനുള്ള പണം സംഘടിപ്പിക്കാൻ വീട്ടിൽ നിന്നിറങ്ങിയ വിഷ്ണുവിനെ പിന്നീട് കാണാതാവുകയായിരുന്നു.
ഫോൺ റിങ്ങ് ചെയ്തതരുസരിച്ച് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട് കൂനൂരിലാണ് ടവർ ലൊക്കേഷൻ സൂചിപ്പിക്കുന്നത്. സംഭവത്തിൽ അന്വേഷണസംഘം തമിഴ്നാട് പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. കോയമ്പത്തൂർ, മധുക്കര പൊലീസ് സ്റ്റേഷനിലേക്കും യുവാവിന്റെ ഫോട്ടോയും വിവരങ്ങളും കൈമാറിയിട്ടുണ്ട്.
വാളയാർ, കസബ പൊലീസ് സംയുക്തമായി വിഷ്ണുവിനുള്ള അന്വേഷണം നടത്തിവരികയാണ്. ഇതിനിടെ വിഷ്ണുജിത്ത് കഴിഞ്ഞ 4ന് വൈകിട്ട് 7.45ന് പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള ബസിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ സൗത്ത് പൊലീസിനു ലഭിച്ചിരുന്നു. ബസ് സ്റ്റാൻഡിലൂടെ യുവാവ് കടന്നു പോവുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ നിന്ന് ലഭിച്ചത്.
വിവാഹത്തിന് നാലു ദിവസം മുൻപാണ് വിഷ്ണുജിത്തിനെ കാണാതായത്. മഞ്ചേരി സ്വദേശിനിയായ യുവതിയുമായി ഈ മാസം എട്ടിനാണ് വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇവർ വർഷങ്ങളായി സുഹൃത്തുക്കളാണ്. ഉടൻ തിരിച്ചുവരാമെന്നു പറഞ്ഞ് 4ന് രാവിലെയാണു വിഷ്ണുജിത്ത് വീട്ടിൽനിന്നു പോയത്. പാലക്കാട് കഞ്ചിക്കോട്ടെ ഐസ് കമ്പനിയിലാണു വിഷ്ണുജിത്ത് ജോലി ചെയ്യുന്നത്. പണം ലഭിച്ചെന്നും ബന്ധുവിന്റെ വീട്ടിൽ തങ്ങിയ ശേഷം പിറ്റേന്നു വീട്ടിലെത്താമെന്നും രാത്രി എട്ടരയോടെ അമ്മയെ വിളിച്ചു പറഞ്ഞു. പിന്നീട് വീട്ടിലേക്കു വിളിച്ചിട്ടില്ല. തിരിച്ചു ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ പരിധിക്കു പുറത്താണെന്ന് അറിഞ്ഞതോടെ വ്യാഴാഴ്ച രാവിലെയാണു കുടുംബം പൊലീസിൽ പരാതി നൽകിയത്.
ജോലി സ്ഥലത്തുനിന്ന് ഒരു ലക്ഷം രൂപ സംഘടിപ്പിച്ച വിഷ്ണുജിത്ത്, വീട്ടിലേക്കു മടങ്ങാനായി രാത്രി എട്ടോടെ പാലക്കാട് ബസ് സ്റ്റാൻഡിലെത്തിയതായി സുഹൃത്തുക്കൾ പറയുന്നു .വിഷ്ണുവിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു. ഒരു ചെറിയ ഇഷ്യു ഉണ്ട്, പണം കൊടുത്തില്ലെങ്കിൽ സീനാണ് എന്ന് സുഹൃത്തുക്കളോട് വിഷ്ണുജിത്ത് പറഞ്ഞിരുന്നു.