വെല്ലൂർ∙ ടിക്കറ്റ് എടുക്കാത്തതു സംബന്ധിച്ച തർക്കത്തിനൊടുവിൽ യാത്രക്കാരൻ ബസ് കണ്ടക്ടറെ മർദിച്ചു കൊലപ്പെടുത്തി. ചെന്നൈയിലെ എംടിസി ബസ് കണ്ടക്ടർ ജഗൻ കുമാർ (52) ആണ് വെല്ലൂർ സ്വദേശി ഗോവിന്ദന്റെ മർദനത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ഇന്നലെ വൈകിട്ട് ഏഴരയോടെ കോയമ്പേട്ടിലേക്ക് യാത്ര തിരിച്ച ബസിൽ അണ്ണാനഗർ ആർച്ചിൽ നിന്നാണ് ഗോവിന്ദൻ കയറിയത്. ഇതിനിടെ ടിക്കറ്റ് ചോദിച്ചെത്തിയ കണ്ടക്ടർ ടിക്കറ്റ് ആവശ്യപ്പെട്ടെങ്കിലും ഇയാൾ എടുക്കാൻ തയാറായില്ല. ഇതോടെ ക്ഷുഭിതനായ കണ്ടക്ടർ ഇയാളെ ടിക്കറ്റ് മെഷിൻ വച്ച് അടിക്കുകയായിരുന്നു. ഉടൻ ഗോവിന്ദൻ ജഗനെ തിരിച്ചടിച്ചു.
ഇതിനിടെ ഇരുവർക്കും സാരമായി പരുക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജഗനെ രക്ഷിക്കാനായില്ല. ഗോവിന്ദൻ ചികിത്സയിലാണ്. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി അമിഞ്ചികരൈ പൊലീസ് കേസെടുത്തു. സംഭവത്തെ തുടർന്ന് നഗരത്തിൽ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി.