കൽപറ്റ: മലയാളക്കര മുഴുവൻ പ്രാർഥനയിലായിരുന്നു, ശ്രുതിയെ തനിച്ചാക്കി അവളുടെ പ്രിയപ്പെട്ടവൻ യാത്രയാകാതിരിക്കാൻ, എന്നാൽ പ്രാർഥനകൾ വിഫലം. ഇനിയും നടന്നുതീരാത്ത ഇടവഴിയിൽ ശ്രുതിയെ തനിച്ചാക്കി ജെൻസൻ യാത്രയായി. മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ 9 പേർ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരൻ അമ്പലവയൽ സ്വദേശി ജെൻസൻ വാഹനാപകടത്തിൽ മരിച്ചു.
ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റ ജെൻസൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിച്ചങ്കിലും ബുധനാഴ്ച രാത്രിയോടെ മരണം സ്ഥിരീകരിച്ചു.
വാനിൽ സഞ്ചരിച്ചിരുന്ന ശ്രുതിയും ജെൻസനുമുൾപ്പെടെ 9 പേർക്ക് പരുക്കേറ്റിരുന്നു. എന്നാൽ ശ്രുതിയുടെ പരിക്കുകൾ സാരമുള്ളതല്ല. ശ്രുതി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു.
മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ ശ്രുതിയുടെ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുൾപ്പെടെ കുടുംബത്തിലെ 9 പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. ഉരുൾപൊട്ടലുണ്ടാകുമ്പോൾ കോഴിക്കോട് ജോലിസ്ഥലത്തായതിനാൽ ശ്രുതി മാത്രം രക്ഷപ്പെട്ടു. ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരു മാസം മുൻപ് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.
ശ്രുതിയുടെ വിവാഹത്തിനായി സ്വരുക്കൂട്ടിയതെല്ലാം ഉരുൾപൊട്ടലിൽ നഷ്ടമായെങ്കിലും ജെൻസൻ ശ്രുതിയുടെ കൈപിടിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇരുവരുടേയും വിവാഹം ഈ മാസം അവസാനം വിവാഹം നടത്താൻ തീരുമാനിച്ചിരിക്കെയാണു വാഹനാപകടമുണ്ടായത്. ശ്രുതിയുടെ ബന്ധു ലാവണ്യയ്ക്കും പരുക്കേറ്റു. ശിവണ്ണന്റെ സഹോദരൻ സിദ്ധരാജിന്റെ മകളായ ലാവണ്യയ്ക്ക് ഉരുൾപൊട്ടലിൽ മാതാപിതാക്കളെയും സഹോദരനെയും നഷ്ടപ്പെട്ടിരുന്നു.