ബ്രസൽസ്: 90 മീറ്ററെന്ന ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നദൂരത്തിലെത്താൻ നീരജ് ചോപ്രയ്ക്ക് ഇനിയും കാത്തിരിക്കേണ്ടിവരും. ഡയമണ്ട് ലീഗ് ജാവലിൻ ത്രോ ഫൈനലിൽ 87.86 മീറ്റർ ദൂരം എറിഞ്ഞിട്ട് നീരജ് ചോപ്രയ്ക്ക് വെള്ളി. ഒരു സെന്റീമീറ്റർ വ്യത്യാസത്തിലാണ് നീരജിന് സ്വർണം നഷ്ടമായത്. 87.87 മീറ്റർ ദൂരം ഏറിഞ്ഞ മുൻ ലോകചാംപ്യൻ ഗ്രനഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സിനാണ് സ്വർണം. ജർമനിയുടെ ജൂലിയൻ വെബ്ബർ 85.97 മീറ്ററുമായി മൂന്നാമതെത്തി. പാരീസ് ഒളിംപിക്സിലെ 89.45 മീറ്റർ എന്ന മിന്നും തിളക്കം ഇത്തവണ ആവർത്തിക്കാൻ നീരജിനായില്ല.
30,000 യുഎസ് ഡോളറാണ് (ഏകദേശം 25 ലക്ഷം രൂപ) ഡയമണ്ട് ലീഗ് ചാംപ്യൻമാർക്കുള്ള സമ്മാനത്തുക. 2022-ൽ ഡയമണ്ട് ലീഗ് കിരീടം നേടിയ നീരജ് ചോപ്ര, തുടർച്ചയായി രണ്ടാം വർഷമാണ് ഫൈനലിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നത്. മൂന്നാം ശ്രമത്തിലാണ് നീരജ് 87.86 മീറ്റർ ദൂരം പിന്നിട്ടത്. 86.82, 83.49, 87.86, 82.04, 83.30, 86.46 എന്നിങ്ങനെയായിരുന്നു നീരജിന്റെ 6 ത്രോകൾ. അതേസമയം, ആദ്യ ശ്രമത്തിൽ തന്നെ ആൻഡേഴ്സൻ പീറ്റേഴ്സ് 87.87 മീറ്റർ ദൂരം ഏറിഞ്ഞു.