കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടി ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവുകൾകൊണ്ട് മറുപടി നൽകാൻ നടനും എംഎൽഎയുമായ മുകേഷ്. മുകേഷ് തെളിവുകൾ തന്റെ അഭിഭാഷകനായ ജിയോ പോളിന് കൈമാറും. ഇതിനായി ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട മുകേഷ് കൊച്ചിയിലെത്തി. അതേസമയം ഏതു നേരവും അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകാൻ തയാറാണെന്ന് മുകേഷിന്റെ അഭിഭാഷകൻ ജിയോ പോൾ അറിയിച്ചു. എന്നാൽ ഹാജരാകാനുള്ള നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അഭിഭാഷകൻ അറിയിച്ചു.
എംഎൽഎ ബോർഡ് നീക്കം ചെയ്ത വാഹനത്തിലാണ് നടൻ കൊച്ചിയിലേക്ക് ഇന്ന് പുറപ്പെട്ടിട്ടുള്ളത്. യാത്രാ മധ്യേയുള്ള തടസങ്ങൾ നീക്കാനാണ് എംഎൽഎ ബോർഡുകൾ നീക്കം ചെയ്തതെന്നാണ് സൂചന. അതേസമയം, ആരോപണ വിധേയരായ നടന്മാർക്കെതിരെയുള്ള കേസുകളിൽ ഓരോ കേസും ഓരോ ഉദ്യോഗസ്ഥൻമാരായിരിക്കും അന്വേഷിക്കുക. മുകേഷിനെതിരെയുള്ള കേസുകൾ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരായിരിക്കും അന്വേഷിക്കുക. ചേർത്തല ഡിവൈഎസ്പിക്കാണ് മുകേഷിന്റെ അന്വേഷണ ചുമതല.
ആരോപണമുന്നയിച്ച നടി പണമാവശ്യപ്പെട്ട് തന്നെ ബ്ലാക്മെയിൽ ചെയ്തിരുന്നതായി കഴിഞ്ഞ ദിവസം മുകേഷ് വെളിപ്പെടുത്തിയിരുന്നു. ആദ്യം സിനിമയിൽ അവസരം വേണമെന്ന് പറഞ്ഞ നടി പിന്നീട് ലക്ഷങ്ങൾ ആവശ്യപ്പെട്ടുവെന്നു മുഖ്യമന്ത്രിയെയടക്കം കണ്ട് മുകേഷ് വെളിപ്പെടുത്തിയിരുന്നു.