കോഴിക്കോട്: സംവിധായകൻ രഞ്ജിത്ത് സിനിമയിൽ അവസരം വാഗ്ദാനം നൽകി ബംഗളൂരുവിലെ ഹോട്ടൽ വച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന പരാതിയിൽ അന്വേഷണ സംഘം യുവാവിന്റെ മൊഴിയെടുത്തു. ഐശ്വര്യ ഡോങ്റെ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് കാരപ്പറമ്പിൽ എത്തിയാണ് യുവാവിന്റെ മൊഴി രേഖപ്പെടുത്തിയത്.
2012 ൽ ബാവൂട്ടിയുടെ നാമത്തിൽ സിനിമയുടെ ലൊക്കേഷനിൽ വച്ച് ചാൻസ് ചോദിച്ച തനിക്ക് ടിഷ്യൂ പേപ്പറിൽ ഫോൺ നമ്പർ എഴുതി നല്കുകയായിരുന്നു. തുടർന്ന് ബെഗളൂരുവിലെത്താൻ പറഞ്ഞ തന്നെ ഹോട്ടൽ മുറിയിൽ വച്ച് മദ്യം നൽകി പീഡിപ്പിക്കുവായിരുന്നെന്നാണ് യുവാവിന്റെ ആരോപണം. സംഭവം നടക്കുമ്പോൾ താൻ പ്ലസ് ടു വിദ്യാർഥിയായിരുന്നു. ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചാണ്തന്നെ ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് രഞ്ജിത്തിനെതിരെയുള്ള പരാതിയിൽ യുവാവ് വെളിപ്പെടുത്തിയത്.
ഒപ്പം തന്നോട് നഗ്നനാകാൻ പറഞ്ഞുവെന്നും ഇക്കാര്യം അന്നുതന്നെ ഒരു പ്രമുഖ നടിയെ അറിയിച്ചിരുന്നുവെന്നും എന്നാൽ പ്രതികരിച്ചില്ലെന്നും കോഴിക്കോട് കസബ സ്റ്റേഷനിൽ യുവാവ് നൽകിയ പരാതിയിൽ പറയുന്നു.
താൻ പറഞ്ഞ ആരോപണങ്ങങ്ങളിൽ ഉറച്ചുനിൽക്കുന്നെന്നും കൈയിലുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറുമെന്നും യുവാവ് പിന്നീട് പ്രതികരിച്ചു. കേസ് പിൻവലിക്കാൻ സമ്മർദവും ഭീഷണിയും ഉണ്ട്. തന്നോട് ചെയ്ത പലതും പുറത്തുപറയാൻ സാധിക്കില്ലെന്നും ആവശ്യമെങ്കിൽ അന്വേഷണ സംഘത്തിനു മുൻപിൽ മുഴുവൻ കാര്യങ്ങളും വെളിപ്പെടുത്തുമെന്നും യുവാവ് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനിശേഷം ബംഗാളി നടിയാണ് രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് രംഗത്തുവന്നത്. ഇതേത്തുടർന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പദവി രഞ്ജിത്തിന് രാജി വയ്ക്കേണ്ടിവന്നു. ഈ കേസിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.