ചെന്നൈ: ഒരു സർക്കാർ സ്കൂളിലെ പരിപാടിയിൽ ഭിന്നശേഷിക്കാർക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയ ‘മോട്ടിവേഷനൽ സ്പീക്കർ’ മഹാവിഷ്ണു അറസ്റ്റിൽ. ഓസ്ട്രേലിയയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ചെന്നൈ വിമാനത്താവളത്തിലെത്തിയ ഇയാളെ സെയ്ദാപെട്ട് പൊലീസ് രഹസ്യ കേന്ദ്രത്തിൽ ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്.
ഭിന്നശേഷിക്കാരെ അപമാനിച്ചത് അടക്കം 5 വകുപ്പുകൾ പ്രകാരമാണു കേസ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ പിന്നീട് റിമാൻഡ് ചെയ്തു.
പരംപൊരുൾ ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിന്റെ ഉടമയായ മഹാവിഷ്ണു, കഴിഞ്ഞ ദിവസങ്ങളിൽ അശോക് നഗർ, സെയ്ദാപെട്ട് എന്നിവിടങ്ങളിലെ സർക്കാർ സ്കൂളുകളിൽ നടത്തിയ പ്രഭാഷണം വിവാദമാവുകയായിരുന്നു. ഭിന്നശേഷിക്കാരെ അവഹേളിച്ചതിനു പുറമേ ആത്മീയ വിഷയങ്ങളിലും പരാമർശം നടത്തി. ഇയാളുടെ പ്രഭാഷണം സംബന്ധിച്ച വീഡിയോ പുറത്തുവന്നതോടെ ഇയാൾക്കും അനുമതി നൽകിയ വിദ്യാഭ്യാസ വകുപ്പിനെതിരെയും വൻ പ്രതിഷേധമുയർന്നു. സ്കൂളിലെ പരിപാടിക്കു ശേഷം ഓസ്ട്രേലിയയിലേക്കു പോയ ഇയാളെ തിരിച്ചെത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
മുജ്ജന്മത്തിലെ പ്രവൃത്തികളുടെ ഫലമായാണ് പാവപ്പെട്ടവരും ഭിന്നശേഷിക്കാരുമായി ആളുകൾ ജനിക്കുന്നതെന്നായിരുന്നു വിവാദമായ പരാമർശം. ഇത് ഏറെ വിവാദം സൃഷ്ടിക്കുകയായിരുന്നു. ചെന്നെെയിൽ തിരിച്ചെത്തിയ ഇയാളെ പിടികൂടാൻ വൻ പോലീസ് സന്നാഹം തന്നെ തയാറായിരുന്നു.