തിരുവനന്തപുരം: നെടുമങ്ങാട് വിവാഹ സൽക്കാരത്തിനിടെയുണ്ടായ സംഘർഷത്തിൽ കേസന്വേഷിക്കാനെത്തിയ എസ്ഐക്കും ദമ്പതികൾക്കും ഒന്നര വയസുകാരനുമുൾപെടെയുള്ളവർക്ക് പരുക്ക്. ഗ്രീൻലാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന വിവാഹസൽക്കാരത്തിനിടെയായിരുന്നു സംഘർഷം. വധുവിന്റെ വീട്ടുകാർ വന്ന ബസിൽ പാട്ട് ഇട്ടതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.
സംഘർഷത്തിൽ ദമ്പതിമാർക്കും ഒന്നരവയസ്സുള്ള കുഞ്ഞിനും പരുക്കേറ്റതായാണ് പരാതി. സംഭവത്തിൽ ആൻസി (30), ഭർത്താവ് ഷെഫീഖ്, ഇവരുടെ ഒന്നരവയസ്സുള്ള മകൻ ഷെഫാൻ, സംഘർഷം അന്വേഷിക്കാനെത്തിയ പ്രിൻസിപ്പൽ എസ്ഐ സന്തോഷ് എന്നിവർക്കാണു പരുക്കേറ്റത്. അൻസിയെയും മകൻ ഷഫാനെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വയറിലും തലയ്ക്കും പരുക്കുള്ളതിനാൽ കുട്ടിയെ പിന്നീട് എസ്എടി ആശുപത്രിയിലേക്ക് മാറ്റി. എസ്ഐ പിന്നീട് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തിൽ നാലുപേർക്കെതിരേ പോലീസ് കേസെടുത്തു. കടയ്ക്കൽ സ്വദേശി ഫൈസൽ, കല്ലറ സ്വദേശികളായ ഷാഹിദ്, റിട്ട. പോലീസ് ഉദ്യോഗസ്ഥൻ ജലാലുദ്ദീൻ, ഷാജി എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇതിൽ ഫൈസൽ, ഷാഹിദ് എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നെടുമങ്ങാട് സ്വദേശിയുടെയും കല്ലറ സ്വദേശിനിയുടെയും വിവാഹ സൽക്കാരത്തിനിടെയാണ് സംഘർഷമുണ്ടായത്. പെൺകുട്ടിയുടെ വീട്ടുകാർ വന്ന ബസിൽ പാട്ട് ഇട്ടതിനെ തുടർന്നുള്ള തർക്കം ആണ് അടിപിടിയിൽ കലാശിച്ചത്. ബസിൽ നിന്നും ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങിയ സമയം ഇതുസംബന്ധിച്ച് വാക്കുതർക്കവും അടിപിടിയും ഉണ്ടായി.
സംഘർഷ വിവരമറിഞ്ഞ് നെടുമങ്ങാട് സ്റ്റേഷനിൽനിന്നും പ്രിൻസിപ്പൽ എസ്ഐ സന്തോഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘമെത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതിനിടെ പോലീസിന് നേരേയും കൈയേറ്റമുണ്ടായി. മദ്യലഹരിയിലായിരുന്ന പ്രതികളായ ഫൈസലും ഷാഹിദും എസ്ഐയോട് കയർത്ത് സംസാരിച്ചു. തുടർന്ന് പോലീസ് ജീപ്പിൽ കയറ്റാൻ ശ്രമിച്ച സമയം എസ്ഐയുമായി ബലപ്രയോഗം നടത്തുകയും ഇതിനിടെ എസ്ഐയുടെ ഫോൺ നിലത്തുവീണു പൊട്ടുകയും ചെയ്തു. ഇതിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ എസ്ഐയ്ക്ക് പരുക്കേൽക്കുകയായിരുന്നു.