കളമശേരി: അന്തരിച്ച മുതിർന്ന സിപിഎം നേതാവും എൽഡിഎഫ് മുൻ കൺവീനറുമായ എം.എം. ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് നൽകാൻ തീരുമാനം. ഹൈക്കോടതി നിർദേശപ്രകാരം ലോറൻസിന്റെ മക്കളുടെ വാദമുഖങ്ങൾ കേട്ട ശേഷം എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പ്രതാപ് സോമനാഥാണ് ഇക്കാര്യം അറിയിച്ചത്. എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് നൽകുന്നതിനെതിരെ മകൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു.
പിന്നീട് ഹൈക്കോടതിയുടെ നിർദേശപ്രകാരം ലോറൻസിന്റെ മക്കളുടെ വാദമുഖങ്ങൾ കേൾക്കുന്നതിന് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളുടെ തലവന്മാർ ഉൾപ്പെടെയുള്ളവരെ ചേർത്ത് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. ഇതിൻ പ്രകാരമാണ് മൃതദേഹം വൈദ്യപഠനത്തിന് നൽകാൻ തീരുമാനമായത്.
ഉടൻതന്നെ മൃതദേഹം എംബാം ചെയ്യാനും മറ്റു നടപടികളിലേക്ക് കടക്കാനും തീരുമാനിച്ചതായി ഡോ. പ്രതാപ് സോമനാഥ് അറിയിച്ചു. മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകണമെന്നു പറഞ്ഞതിന് രണ്ട് സാക്ഷികളുണ്ടെന്നും അവരുടെ വാദം സത്യസന്ധമാണെന്നും ബോധ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. കേരള അനാട്ടമി ആക്ട് പ്രകാരം മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാനുള്ള വാദങ്ങൾ സാധുവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോറൻസിന്റെ മക്കളായ അഡ്വ. എം.എൽ. സജീവൻ, സുജാത ബോബൻ എന്നിവർ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാൻ പിതാവ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി അറിയിച്ചപ്പോൾ മകൾ ആശ ഇതിനെ എതിർത്ത് രംഗത്തെത്തിയിരുന്നു. മൃതദേഹം സംസ്കരിക്കണമെന്നാണ് ആശ ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യം സമിതി തള്ളുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച്ച ഉച്ചയ്ക്കാണു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് എംഎം ലോറൻസിന്റെ മരണം സംഭവിക്കുന്നത്. തിങ്കളാഴ്ച്ച കൊച്ചിയിലെ വീട്ടിലും തുടർന്ന് ടൗൺഹാളിലും പൊതുദർശനം നടന്നുകൊണ്ടിരിക്കുന്നതിനിടെ ആശ മുദ്രാവാക്യം വിളിച്ചുകൊണ്ട് രംഗത്തെത്തുകയായിരുന്നു. പിന്നീട് മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകാനുള്ള സഹോദരങ്ങളുടെ തീരുമാനത്തിനെതിരേ ആശ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മക്കളുടെ ഭാഗം കേട്ട ശേഷം തീരുമാനമെടുക്കാൻ ഹൈക്കോടതി മെഡിക്കൽ കോളേജിന് നിർദേശവും നൽകി. പിന്നാലെ ടൗൺഹാളിലെത്തിയ ആശയും മകനും മൃതദേഹം ഇവിടെ നിന്നും നീക്കം ചെയ്യാൻ സമ്മതിക്കാതായതോടെ ടൗൺഹാൾ പരിസരത്ത് ബഹളവും സംഭവം കയ്യാങ്കളിയിലേക്ക് മാറുകയുമായിരുന്നു. ഈ സംഭവത്തിൽ തനിക്കും അമ്മയ്ക്കും സിപിഎം പ്രവർത്തകരിൽ നിന്ന് മർദനമേറ്റെന്ന പരാതിയുമായി ആശയുടെ മകൻ മിലൻ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതിയും നൽകുകയും ചെയ്തു.