ന്യൂഡൽഹി: വിദ്യാർഥി- ബഹുജന പ്രക്ഷോഭത്തെ തുടർന്ന് രാജിവെച്ച് ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീയയ്ക്ക് ഇന്ത്യ ആതിഥ്യമേകിയ സംഭവത്തിൽ അവാമി ലീഗിൻ്റെ പ്രധാന എതിരാളിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി)യ്ക്ക് അതൃപ്തി.
ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള പരസ്പര സഹകരണത്തെ ബിഎൻപി പിന്തുണയ്ക്കുന്നുവെന്ന് ഖാലിദ സിയയുടെ പാർട്ടിയുടെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ഗയേശ്വർ റോയ് പറഞ്ഞു. എന്നിരുന്നാലും, “നിങ്ങൾ ഞങ്ങളുടെ ശത്രുവിനെ സഹായിച്ചാൽ ആ പരസ്പര സഹകരണം ബഹുമാനിക്കപ്പെടുന്നത് ബുദ്ധിമുട്ടാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷെയ്ഖ് ഹസീനയുടെ അധികാരത്തിൽ തിരിച്ചെത്തുന്നതിന് ഇന്ത്യ പിന്തുണച്ചതിൽ അവർക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“ഷെയ്ഖ് ഹസീനയുടെ ബാധ്യത ഇന്ത്യയാണ് വഹിക്കുന്നത്. ഇന്ത്യക്കാരും ബംഗ്ലാദേശും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല. എന്നാൽ ഇന്ത്യ ഒരു പാർട്ടിയെ പ്രോത്സാഹിപ്പിക്കണോ, അല്ലാതെ രാജ്യത്തെ മുഴുവൻ പ്രോത്സാഹിപ്പിക്കണോ?” എന്നും ചിന്തിക്കണമെന്ന് ഗയേശ്വർ റോയ് പറഞ്ഞു.
എന്നാൽ നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള പുതിയ കെയർടേക്കർ സർക്കാർ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കുമ്പോൾ ഹസീന ബംഗ്ലദേശിലേക്കു മടങ്ങുമെന്ന് മകൻ അറിയിച്ചു. മകൻ സജീബ് വസീദ് ജോയ് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.