കാസർഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് വിവാദത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപെടെ ആറു പേരെ കുറ്റവിമുക്തനാക്കി കോടതി വിധി. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ സുരേന്ദ്രൻ അടക്കമുള്ള ആറു പ്രതികളുടെയും വിടുതൽ ഹർജി കോടതി അംഗീകരിക്കുകയായിരുന്നു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർതിത്വം പിൻവലിക്കാൻ തട്ടിക്കൊണ്ടു പോയി തടങ്കലിൽ പാർപ്പിച്ചുവെന്നും രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നുമാണ് കേസ്.
ഇതിനെതിരെ കെ. സുരേന്ദ്രൻ രംഗത്തെത്തുകയായിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് സുരേന്ദ്രനും മറ്റു അഞ്ച് പ്രതികളും 2023 സെപ്റ്റംബറിൽ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്നും നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിൻറെ വാദം. കേസ് നിലനിൽക്കില്ലെന്ന പ്രതികളുടെ വാദം കോടതിയും അംഗീകരിക്കുകയായിരുന്നു. കോടതി നിർദേശത്തെ തുടർന്ന് പ്രതികളെല്ലാവരും കോടതിയിൽ ഹാജരായിരുന്നു.