ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ജമ്മു കശ്മീരിലെ ഗാന്ദര്‍ബല്‍ ജില്ലയിലെ ഗഗാംഗീറില്‍ തുരങ്ക നിര്‍മാണത്തിനെത്തിയ ആറ് അതിഥി തൊഴിലാളികളും ഒരു ഡോക്ടറുമാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള തുടങ്ങിയവര്‍ അക്രമത്തെ അപലപിച്ചു.
പ്രദേശവാസികളും അല്ലാത്തവരുമുൾപ്പെടെയുള്ള തൊഴിലാളികൾ ഗുണ്ടിലെ നിർമാണസ്ഥലത്ത് നിന്നും ജോലി കഴിഞ്ഞ് ക്യാമ്പിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. രണ്ടോ അതിലധികമോ ഭീകരർ സൈറ്റിൽ പതിയിരുന്ന് സംഘത്തിന് നേരെ യാഥൊരു പ്രകോപനവുമില്ലാതെ വെടിയുതിർത്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അപകടത്തിൽ രണ്ട് തൊഴിലാളികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു, മറ്റുള്ളവരും ഡോക്ടറും പിന്നീട് മരണത്തിന് കീഴടങ്ങി. ഗുരുതരമായി പരുക്കേറ്റ അഞ്ച് പേർ ചികിത്സയിലാണ്. ഷാനവാസ്, ഫഹീം നസീർ, കലീം, മുഹമ്മദ് ഹനീഫ്, ശശി അബ്രോൾ, അനിൽ ശുക്ല, ഗുർമീത് സിംഗ് എന്നിവരാണ് മരിച്ചതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
അകടം നടന്നയുടൻ സുരക്ഷാ സേന ഉടൻ തന്നെ പ്രദേശം വളയുകയും അക്രമികളെ കണ്ടെത്താൻ തിരച്ചിൽ നടത്തുകയും ചെയ്തു. കശ്മീർ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഐജിപി) വികെ ബിർദി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്താൻ സ്ഥലത്തെത്തി. അതേസമയം, സംഭവത്തെ ശക്തമായി അപലപിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്തു.
കശ്മീരിലെ തെരഞ്ഞെടുപ്പ് സമാധാന പൂര്‍ണമായും നടക്കുകയും സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്. മേഖലയില്‍ ഭീകരരുടെ സാന്നിധ്യം അറിയിക്കുന്നതിനായാണ് ഈ ആക്രമണം ഇപ്പോള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയിരിക്കുന്നത് എന്നാണ് കേന്ദ്ര ഏജന്‍സികള്‍ പ്രഥമികമായി നല്കുന്ന വിവരങ്ങള്‍.
തൊഴിലാളികളുടെ മരണത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അനുശോചനം അറിയിച്ചു. പരുക്കേറ്റ നിരവധി തൊഴിലാളികളെ ചികിത്സയ്ക്കായി ശ്രീനഗറിലെ സ്കിംസിലേക്ക് മാറ്റിയിട്ടുണ്ട്. മരണസംഖ്യ ഉയർന്നേക്കാം,” ഇരകളുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയും ആക്രമണത്തെ അപലപിച്ചു, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പൗരന്മാർക്ക് ഉറപ്പ് നൽകി. “സുരക്ഷാ സേനകൾക്ക് പ്രവർത്തിക്കാൻ പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്,” സിൻഹ എക്സിലെ സന്ദേശത്തിൽ പ്രഖ്യാപിച്ചു. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വധത്തിൽ ദു:ഖം രേഖപ്പെടുത്തി.