പത്തനംതിട്ട: ആറു വർഷങ്ങൾക്ക് മുൻപ് പത്തനംതിട്ടയിൽ കാണാതായ ജസ്നയോട് സാമ്യമുള്ള പെൺകുട്ടിയെ മുണ്ടക്കയത്ത് വച്ച് കണ്ടിരുന്നു. ജസ്നയെ കാണാതാകുന്നതിന് ഏതാനും ദിവസം മുമ്പായിരുന്നു സംഭവമെന്നും മുണ്ടക്കയത്തെ ലോഡ്ജ് മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ.
ജീവനക്കാരി പറയുന്നതിങ്ങനെ: “ജസ്നയെ കാണാതാകുന്നതിന് ഏതാനും ദിവസം മുമ്പാണ് സംഭവം. ഒരു അജ്ഞാത യുവാവിനൊപ്പം പെൺകുട്ടി ഇവർ ജോലിചെയ്തിരുന്ന ലോഡ്ജിൽ എത്തി. രാവിലെ 11.30 ഓടെയാണ് അവരെത്തിയത്. എവിടെയോ ടെസ്റ്റ് എഴുതാൻ പോകുകയാണെന്നും സുഹൃത്ത് എത്താനുണ്ടെന്നും പെൺകുട്ടി പറഞ്ഞു. പിന്നാലെ യുവാവും വന്ന് മുറിയെടുത്തു.102ആം നമ്പർ മുറിയാണെടുത്തത്. രണ്ട് പേരും വൈകിട്ട് നാല് കഴിഞ്ഞാണ് ഇറങ്ങിയത്. വെളുത്ത് മെലിഞ്ഞ പയ്യനായിരുന്നു കൂടെയുണ്ടായിരുന്നത്. വെളുത്ത് മെലിഞ്ഞിട്ടായിരുന്നു പെൺകുട്ടിയുടെ രൂപം. തലമുടിയിൽ ക്ലിപ്പോ മറ്റോ വച്ച് കെട്ടിയിട്ടുണ്ടായിരുന്നു. റോസ് നിറത്തിലുള്ള ചുരാദാറാണ് ധരിച്ചിരുന്നത്. പത്രത്തിൽ ചിത്രം വന്നതുകൊണ്ടാണ് ജസ്നയെ തിരിച്ചറിഞ്ഞത്”. കേസന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥർ തന്നോട് ഇതു സംബന്ധിച്ച് ഒന്നും ചോദിച്ചിട്ടില്ലെന്നും ജീവനക്കാരി പറഞ്ഞു.