ന്യൂഡൽഹി: ലണ്ടനിലെ ഹോട്ടൽ മുറിയിൽ നുഴഞ്ഞുകയറി എയർഹോസ്റ്റസിനെ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് എയർ ഇന്ത്യ. തങ്ങളുടെ ജീവനക്കാരുടെ സുരക്ഷ വളരെ പ്രധാനമാണ്. ഇരകൾക്ക് സാധ്യമായ എല്ലാ പിന്തുണയും നൽകുന്നുണ്ട്. ലോക്കൽ പോലീസുമായി ചേർന്ന് പ്രവർത്തിക്കുമെന്നും എയർലൈൻ അറിയിച്ചു. ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
“ഞങ്ങളുടെ ജീവനക്കാരുടെയും സ്റ്റാഫ് അംഗങ്ങളുടെയും സുരക്ഷ, ക്ഷേമം എന്നിവയ്ക്കാണ് എയർ ഇന്ത്യ മുൻതൂക്കം നൽകുന്നത്. ഒരു പ്രധാന അന്താരാഷ്ട്ര ശൃംഖലയുടെ കീഴിലുള്ള ഒരു ഹോട്ടലിൽ നടന്ന നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റം ഞങ്ങളുടെ ക്രൂ അംഗത്തെ ബാധിച്ചതിൽ ഞങ്ങൾ വേദനിക്കുന്നു. ഞങ്ങളുടെ സഹപ്രവർത്തകർക്കും അവരുടെ വിശാലമായ ടീമിനും പ്രൊഫഷണൽ കൗൺസിലിംഗ് ഉൾപ്പെടെ സാധ്യമായ എല്ലാ പിന്തുണയും നൽകുന്നുണ്ട്”. എയർലൈനിൻ്റെ വക്താവ് പറഞ്ഞു.
കഴിഞ്ഞദിവസം അർധരാത്രിയോടെ ലണ്ടൻ ഹീത്രോയിലെ റാഡിസൺ ഹോട്ടലിൽ വെച്ചാണ് എയർ ഹോസ്റ്റസിന് നേരെ ആക്രമണമുണ്ടായത്. പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ സഹപ്രവർത്തകരാണ് അക്രമിയെ പിടികൂടിയത്.