വടകര: വര്‍ഗീയത ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ജയിക്കുന്നതിനേക്കാൾ നല്ലത് തോല്‍ക്കുന്നതാണെന്ന് ഷാഫി പറമ്പില്‍ എംപി. ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് ഉയര്‍ന്ന കാഫിര്‍ സ്ക്രീന്‍ഷോട്ടുമായി ബന്ധപ്പെട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സംഭവത്തിൽ വേണ്ടത് റെഡ് എൻകൗണ്ടറാണ്. മാത്രമല്ല ഇതിനെക്കുറിച്ച്സിപിഎം പ്രവര്‍ത്തകര്‍ തന്നെ ചോദ്യം ചെയ്യണം. അന്വേഷണം മന്ദഗതിയിലാണെങ്കിലും പുരോഗമിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഷാഫി പറമ്പിൽ.
സംഭവത്തിൽ അമിത ആഹ്ലാദമില്ല. കോടതിയുടെ ഇടപെടലും പോലീസ് റിപ്പോര്‍ട്ടും അന്വേഷണവുമൊക്കെ എത്തുന്നതിന് മുൻപ് തന്നെ സംഭവം വ്യാജമാണെന്ന് തിരിച്ചറിഞ്ഞ വടകരയിലെ ജനങ്ങളോട് ഒരിക്കല്‍ കൂടി നന്ദി പറയുകയാണ്. പോരാളിമാരുടെ പേരുകള്‍ പുറത്തുവരുന്നത് നല്ല ലക്ഷണമാണ്. അവരെ പാര്‍ട്ടിയെ തകര്‍ക്കാനുള്ള ആളുകളായി പലരും ചിത്രീകരിക്കുകയാണ്. അങ്ങനെയാണെങ്കില്‍ അവര്‍ പോസ്റ്റ് ചെയ്യുന്ന സാധനങ്ങള്‍ തെരഞ്ഞെടുപ്പ് സമയത്ത് എതിര് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാനും വര്‍ഗീയമായി ആക്ഷേപിക്കാനും ആവശ്യാനുസരണം ഉപയോഗിക്കാന്‍ ശ്രമിച്ചത് തിരുത്തട്ടെയെന്നും എംപി.