ഷിരൂര്‍: അങ്കോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ പുന:രാരംഭിച്ചു. ഗംഗാവലി പുഴയിലെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ഈശ്വര്‍ മാല്‍പെ സംഘം പുഴയിലിറങ്ങി പരിശോധന നടത്തുന്നത്. അര്‍ജുനെ കൂടാതെ കാണാതായ ലോകേഷ്, ജഗനാഥന് എന്നിവര്‍ക്കുള്ള തിരച്ചിലും ഇതോടൊപ്പം നടത്തുമെന്നും ഈശ്വര്‍ മാല്‍പെ. ഏറെ വൈകിയാണ് തിരച്ചില്‍ ആരംഭിച്ചത്. ഇന്ന് രണ്ടു മണിക്കൂര്‍ കൂടി തിരച്ചില്‍ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മാല്‍പെ.
അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ നാവികസേനയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ആരംഭിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. പുഴയില്‍ റഡാര്‍ പരിശോധന നടത്താനായിരുന്നു തീരുമാനം. എന്നാല്‍, നാവികസേനയ്ക്കു പകരം ഈശ്വര്‍ നേതൃത്വത്തിലുള്ള സംഘമാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ പരിശോധന ആരംഭിച്ചത്.
അര്‍ജുനെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയയും സഹോദരി അഞ്ജുവും പ്രതികരിച്ചിരുന്നു. അതേസമയം നാളെ രാവിലെ എട്ടുമണി മുതല്‍ തിരച്ചില്‍ ഊര്‍ജിതമാക്കുമെന്ന് ജില്ലാ കലക്ടര്‍ അര്‍ജുനന്റെ ബന്ധുക്കള്‍ക്ക് ഉറപ്പ് നല്കി. നാളെ നാവിക സേനയുടെ നേതൃത്വത്തിലായിരിക്കും നാളെ തിരച്ചില്‍ നടത്തുക. പ്രാദേശിക മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തിയാകും നാളത്തെ തിരച്ചില്‍.
പുഴയിലെ ഒഴുക്ക് രണ്ട് നോട്സായി കുറഞ്ഞിട്ടുണ്ട്. തിരച്ചില്‍ നാളെ പുനഃരാരംഭിക്കുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ വ്യക്തമാക്കി. അതോടൊപ്പം നാവികസേനയ്ക്കും കേരളത്തിനുമെതിരെ എംഎല്‍എ വിമര്‍ശനമുന്നയിക്കുകയും ചെയ്തു.