ഹൈദരാബാദ്: ബംഗ്ലാദേശിനെതിരെ ടി 20 പരമ്പരയിലെ അവസാന മത്സരത്തിൽ അക്ഷരാർത്ഥത്തിൽ സഞ്ജു- സൂര്യകുമാർ താണ്ഡവമായിരുന്നു. ഒരു വശത്ത് മാസും ക്ലാസും ചേർന്ന വെടിക്കെട്ട് ബാറ്റിങ്ങുമായി മലയാളി താരം വിരുന്നൊരുക്കിയപ്പോൾ മറുവശത്ത് വിക്കറ്റൊന്നും ചോർന്നു പോകാതെ മതിലുകെട്ടി. അതോടെ പിറന്നതോ ഒരു പിടി റെക്കോർഡുകളും.
അതോടൊപ്പം 133 റൺസിന്റെ തകർപ്പൻ ജയമാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ സ്വന്തമാക്കിയത്. നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 297 റൺസടിച്ചെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരി (3-0). അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം സ്കോറാണ് ഇന്ത്യ ഹൈദരാബാദിൽ സ്വന്തമാക്കിയത്.
രണ്ടാം വിക്കറ്റിൽ ഒരുമിച്ച സഞ്ജു സാംസണും ക്യാപ്റ്റൻ സൂര്യകുമാർ യാദവും ചേർന്ന വെടിക്കെട്ട് കൂട്ടുക്കെട്ട് ബംഗ്ലാദേശിന് സമ്മാനിച്ചത് ചെയ്സ് ചെയ്യാൻ അപ്രാപ്യമായ റൺ മല. സഞ്ജു 47 പന്തിൽ നിന്ന് 111 റൺസടിച്ചു. 40 പന്തിൽ നിന്ന് തന്റെ കന്നി സെഞ്ചുറിയും മലയാളി താരം സ്വന്തമാക്കി. ഓരോവറിൽ അടിച്ചുകൂട്ടിയ അഞ്ച് സിക്സറുകളടക്കം എട്ട് സിക്സറുകളും 11 ഫോറുകളും അടങ്ങിയതാണ് സഞ്ജുവിന്റെ ഇന്നിങ്സ്.
മറു സൈഡിൽ 42 പന്തിൽ നിന്ന് 63 റൺസെടുത്ത തൗഹിദ് ഹൃദോയിയും 25 പന്തിൽ നിന്ന് 45 റൺസെടുത്ത ലിട്ടൺ ദാസും മാത്രമാണ് ഇന്ത്യൻ ബൗളർമാർക്കെതിരേ അൽപമെങ്കിലും പിടിച്ചുനിന്നത്. പർവേസ് ഹുസൈൻ ഇമോൻ (0), ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോ (14), തൻസിദ് ഹസ്സൻ(15) മെഹ്ദി ഹസൻ മിറാസ് (3) എന്നിവരെല്ലാം വന്ന പോലെ തിരിച്ചുകയറി. ഇന്ത്യയ്ക്കായി രവി ബിഷ്ണോയ് മൂന്ന് വിക്കറ്റുകൾ നേടി. മായങ്ക് യാദവ് രണ്ടും, വാഷിങ്ടൺ സുന്ദർ, നിതീഷ് റെഡ്ഡി എന്നിവർ ഓരോ വിക്കറ്റും നേടി.
35 പന്തിൽനിന്ന് 75 റൺ ആണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നേടിയത്. ആറ് സിക്സറുകളും എട്ട് ഫോറുകളുകളുമടക്കമാണ് ഈ ഇന്നിങ്സ്. ഇരുവരുടെയും കൂട്ടിക്കെട്ടിന് ശേഷമെത്തിയ റിയാൻ പരാഗും ഹർദിക് പാണ്ഡ്യയും തകർപ്പൻ പ്രകടനംതന്നെയാണ് കാഴ്ചവെച്ചത്. പരാഗ് 13 പന്തിൽ നിന്ന് 34 അടിച്ചു. 18 പന്തിൽ നിന്ന് 47 റണ്ണായിരുന്നു പാണ്ഡ്യയുടെ സമ്പാദ്യം. ഹൈദരാബാദിൽ വെടിക്കെട്ട് ബാറ്റിങ് വിരുന്നൊരുക്കിയ മലയാളി താരം തന്നെയാണ് കളിയിലെ താരം.