ചെന്നൈ: വിക്കറ്റുകൾ ഒന്നൊന്നായി കടപുഴകി വീണുവെങ്കിലും വാലറ്റക്കാരുടെ ചെറുത്തുനിൽപിൽ ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. ക്രീസിലേക്കിറങ്ങിയ വേഗത്തിൽ തന്നെ മുൻനിരക്കാർ കൂടാരം കയറിയെങ്കിലും വാലറ്റത്ത് രവിചന്ദ്രന്‍ അശ്വിന്റെ സെഞ്ചുറിക്കരുത്തിൽ ബംഗ്ലദേശിനെതിരായ ആദ്യ ഇന്നിങ്സിൽ ഇന്ത്യ ആറിന് 339 എന്ന നിലയിലാണ് ഇന്നത്തെ കളി അവസാനിപ്പിച്ചത്. അതോടൊപ്പം 108 പന്തുകളിൽനിന്നാണ് അശ്വിൻ രാജ്യാന്തര ക്രിക്കറ്റിലെ ആറാം ടെസ്റ്റ് സെഞ്ചറി സ്വന്തമാക്കി. അർധ സെഞ്ചുറിയുമായി രവീന്ദ്ര ജഡേജയും (117 പന്തിൽ 86) അശ്വിനൊപ്പം പുറത്താകാതെ കൂടെയുണ്ട്.
അർധ സെഞ്ചറി നേടിയ യശസ്വി ജയ്സ്വാളും ആദ്യ ദിനം ഇന്ത്യയ്ക്കു കരുത്തായി. ഋഷഭ് പന്ത് (52 പന്തിൽ 39), കെ.എൽ. രാഹുൽ (52 പന്തിൽ 16), രോഹിത് ശർമ (ആറ്), വിരാട് കോലി (ആറ്), ശുഭ്മൻ ഗില്‍ (പൂജ്യം) എന്നിവരാണ് വ്യാഴാഴ്ച പുറത്തായ മറ്റു ബാറ്റർമാർ. 9.2 ഓവറിൽ 34 റൺസെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായി. ക്യാപ്റ്റൻ രോഹിത് ശർമ (19 പന്തിൽ ആറ്), ശുഭ്മൻ ഗിൽ (പൂജ്യം), വിരാട് കോലി (ആറു പന്തിൽ ആറ്) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ദിനം ആദ്യ സെഷനിൽ തന്നെ ഇന്ത്യയ്ക്കു നഷ്ടമായത്. പേസ് ബോളർ ഹസൻ മഹ്മൂദിനാണു മൂന്നു വിക്കറ്റുകളും സ്വന്തമാക്കിയത്.
മഹ്മൂദ് എറിഞ്ഞ ആറാം ഓവറിൽ രോഹിത് ശർമയെ ബംഗ്ലദേശ് ക്യാപ്റ്റൻ നജ്മുൽ ഹുസെയ്ന്‍ ഷന്റോ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. തൊട്ടു പിന്നാലെ എട്ടു പന്തുകൾ നേരിട്ട ശുഭ്മന്‍ റണ്ണെടുക്കും മുൻപേ മടങ്ങി. സ്കോർ 28ൽ നിൽക്കെ വിക്കറ്റ് കീപ്പർ ലിറ്റൻ ദാസ് ക്യാച്ചെടുത്താണ് ഗില്ലിനെ പുറത്താക്കിയത്. തുടൻന്നെത്തിയ വിരാട് കോലിയും അധികം വൈകാതെ ഗ്രൗണ്ട് വിട്ടു.
പിന്നീട് യശസ്വി ജയ്സ്വാളിന്റെയും ഋഷഭ് പന്തിന്റെയും കൂട്ടുകെട്ടിലാണ് ഇന്ത്യൻ സ്കോർ ഉയർന്നത്. ഋഷഭ് പന്തിനെ ലിറ്റൻ ദാസിന്റെ കൈകളിലെത്തിച്ച് ഹസൻ മഹ്മൂദ് വിക്കറ്റു നേട്ടം നാലാക്കി ഉയർത്തി. 118 പന്തുകൾ നേരിട്ട ജയ്സ്വാൾ 56 റൺസെടുത്തു പുറത്തായി. നഹീദ് റാണയുടെ പന്തിൽ ഷദ്മൻ ഇസ്ലാം ക്യാച്ചെടുത്താണ് ജയ്സ്വാളിനെ പുറത്താക്കിയത്. സ്കോർ 144 ൽ നിൽക്കെ മെഹ്ദി ഹസൻ മിറാസ് രാഹുലിനെ പുറത്താക്കി. അതിനു ശേഷമായിരുന്നു ജഡേജ– അശ്വിൻ സഖ്യത്തിന്റെ വരവ്. ഇരുവരും ചേർന്ന് ആദ്യ ദിനം ഇന്ത്യൻ സ്കോർ 339 ലെത്തിച്ചു.