ചെന്നൈ: ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയിൽ യുവതി മരിച്ചു. തിരുവീഥി അമ്മൻ സ്ട്രീറ്റിൽ താമസിക്കുന്ന സ്വകാര്യ സ്കൂൾ അധ്യാപിക ശ്വേത (22) ആണു മരിച്ചത്. ഒരാഴ്ച മുൻപ് സഹോദരനൊപ്പം പുറത്തുപോയ ശ്വേത വാനഗരത്തിനടുത്തുള്ള നൂമ്പലിലെ റസ്റ്ററന്റിൽനിന്ന് ഷവർമ കഴിച്ചിരുന്നു. വീട്ടിലെത്തി മീൻകറിയും കഴിച്ചു.
രാത്രിയോടെ ഛർദി അനുഭവപ്പെടുകയായിരുന്നു. പിന്നീട് ബോധരഹിതയാവുകയും ചെയ്ത യുവതിയെ ഉടനെ പോരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടർന്നു ചൊവ്വാഴ്ച സ്റ്റാൻലി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണു മരണം. മരണകാരണം വ്യക്തമാകാൻ പോസ്റ്റ്മോർട്ടം നടത്തും. യുവതിയുടെ മരണത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.