കാൺപുർ: മഴ ഇടയ്ക്ക് കളിച്ചെങ്കിലും പിന്നീടുള്ള കളികൾ ഇന്ത്യൻ താരങ്ങൾ നേരിട്ടായിരുന്നു. എറിഞ്ഞും അടിച്ചും അവർ ബംഗ്ലാദേശ് ടീമിനെ നിലമ്പരിശാക്കി 2-0ത്തിന് പരമ്പര സ്വന്തമാക്കി. കാൺപുർ ടെസ്റ്റിൽ ബംഗ്ലാദേശിനെതിരേ ഇന്ത്യ ഏഴുവിക്കറ്റിൻറെ തകർപ്പൻ ജയം സ്വന്തമാക്കി. ബംഗ്ലാദേശ് ഉയർത്തിയ 95 റൺസ് വിജയലക്ഷ്യം ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. അർധസെഞ്ചുറി നേടിയ ഓപ്പണർ യശസ്വി ജയ്സ്വാളിൻറെ തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് അതിവേഗം ജയം സമ്മാനിച്ചത്.
താരതമ്യേന ചെറിയ ജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമയെയും (എട്ട്), ശുഭ്മൻ ഗില്ലിനെയും (ആറ്) നഷ്ടമായി. മെഹിദി ഹസൻ മിറാസാണ് ഇരുവരെയും പുറത്താക്കിയത്. രണ്ടിന് 34 റൺസെന്ന നിലയിൽ നില്ക്കെ കോഹ്ലി- ജയ്സ്വാൾ ആക്രമണമഴിച്ചുവിട്ടു.
45 പന്തിൽ എട്ട് ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 51 റൺസെടുത്ത ജയ്സ്വാൾ ജയത്തിനു തൊട്ടരികെ പുറത്തായി. പിന്നാലെ കോഹ്ലിയും (29) ഋഷഭ് പന്തും (നാല്) ചേർന്ന് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു.
നേരത്തെ, രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 146 റൺസിനു പുറത്തായിരുന്നു. അർധസെഞ്ചുറി നേടിയ ഓപ്പണർ ശദ്മാൻ ഇസ്ലാം (50) ആണ് ബംഗ്ലാ നിരയിലെ ടോപ് സ്കോറർ. മുഷ്ഫിഖുർ റഹിം (37), ക്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാൻറോ (19), സാക്കിർ ഹസൻ (10) എന്നിവർക്കു മാത്രമേ രണ്ടക്കം കാണാനായുള്ളൂ.
മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുമ്ര, രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരുടെ മിന്നും പ്രകടനം ബംഗ്ലാദേശിനെ തകർത്തു.
രണ്ടിന് 26 റൺസ് എന്ന സ്കോറിൽ അവസാന ദിനം ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ആദ്യം നഷ്ടമായത് കഴിഞ്ഞ ഇന്നിംഗ്സിലെ സെഞ്ചുറി വീരൻ മോമിനുൾ ഹഖിൻറെ (രണ്ട്) വിക്കറ്റാണ്. തുടർന്ന് നജ്മുൾ ഹൊസൈൻ ഷാൻറോയും(19) ഓപ്പണർ ഷദ്നാൻ ഇസ്ലാമും പ്രതിരോധത്തിലൂന്നി ബാറ്റ് ചെയ്തതോടെ ബംഗ്ലാദേശ് സമനില പിടിക്കുമെന്ന തോന്നലുണ്ടായി. ഇരുവരും ചേർന്ന് 55 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ ടീം സ്കോർ 91 റൺസിൽ നില്ക്കെ ഷാൻറോയെ വീഴ്ത്തി രവീന്ദ്ര ജഡേജ ഇന്ത്യയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു.
പിന്നാലെ അർധസെഞ്ചുറി തികച്ച ശദ്മാൻ ഇസ്ലാമിനെ ആകാശ് ദീപ് സ്ലിപ്പിൽ യശസ്വി ജയ്സ്വാളിൻറെ കൈകളിലെത്തിച്ചു. പിന്നീട് തുടരെത്തുടരെ ഇന്ത്യ പ്രഹരമേൽപിച്ചുകൊണ്ടിരുന്നു. ലിറ്റൺ ദാസിനെയും (ഒന്ന്) ഷാക്കിബ് അൽ ഹസനെയും (പൂജ്യം) വീഴ്ത്തിയ ജഡേജ അവരെ കൂട്ടത്തകർച്ചയിലേക്ക് തള്ളിവിട്ടു. ഇതോടെ മൂന്നിന് 91 എന്ന നിലയിൽ നിന്ന് ഏഴിന് 94 റൺസ് എന്നതിലേക്ക് കൂപ്പുകുത്തി.
മെഹ്ദി ഹസൻ മിറാസും മുഷ്ഫീഖുർ റഹീമും ചേർന്ന് ബംഗ്ലദേശിനെ 100 കടത്തിയെങ്കിലും സ്കോർ 118 റൺസിൽ നില്ക്കെ മെഹ്ദി ഹസനെ പുറത്താക്കി ജസ്പ്രീത് ബുമ്ര കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ തൈജുൾ ഇസ്ലാമിനെയും (പൂജ്യം) മുഷ്ഫിഖുറിനെയും പുറത്താക്കി ബുമ്ര വിജയം ഇന്ത്യൻ തീരത്തെത്തിച്ചു.