കോഴിക്കോട്: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞെന്ന ‘ദ ഹിന്ദു’ പത്രത്തിൽ വന്ന വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഞാൻ പറയാത്ത കാര്യങ്ങളാണ് പത്രം നൽകിയത്. അക്കാര്യത്തിൽ വീഴ്ച പറ്റിയതായി പത്രം തന്നെ തന്റെ ഓഫീസിനെ അറിയിച്ചതായി മുഖ്യമന്ത്രി.
‘കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിനെതിരേ പറയുന്നത് ഒരിക്കലും മലപ്പുറത്തിനെതിരെ അല്ല. സ്വർണക്കടത്തും ഹവാല ഇടപാടും ഏറ്റവും കൂടുതൽ നടക്കുന്നത് മലപ്പുറത്താണെന്ന് പറഞ്ഞാൽ അതിനർഥം മലപ്പുറം ജില്ലയെന്നല്ലെന്നും’ മുഖ്യമന്ത്രി. കോഴിക്കോട് ജില്ലാ കമ്മിറ്റി നിർമിച്ച എകെജി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാൻ ഡൽഹിയിൽ ആയിരുന്ന സമയത്ത് ‘ഹിന്ദു പത്രം എന്റെയൊരു അഭിമുഖമെടുത്തിരുന്നു. ഞാൻ പറയാത്ത ഭാഗം അവർ അഭിമുഖത്തിൽ കൊടുക്കുയും ചെയ്തു. ഇക്കാര്യത്തിൽ വിശദീരണം നൽകണമെന്ന് ആവശ്യപ്പെട്ട് എന്റെ ഓഫിസിൽനിന്ന് അവർക്ക് കത്തയച്ചു. അവരുടെ വിശദീകരണം വന്നു കഴിഞ്ഞുവെന്നാണ് മനസിലാക്കുന്നത്. വീഴ്ച പറ്റിയെന്ന് അവർ സമ്മതിക്കുകയും ചെയ്തു. ഏതെങ്കിലും മതവിഭാഗത്തെയോ, ജില്ലയെയോ പ്രത്യേകമായി കുറ്റപ്പെടുത്തുന്ന സമീപനം എന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും’ മുഖ്യമന്ത്രി പറഞ്ഞു.