തൊടുപുഴ: കനത്ത മഴയെത്തുടർന്ന തൊടുപുഴ വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട്ട് വൈദികന്റെ കാർ ഒഴുക്കിൽപ്പെട്ടു. കാറിലുണ്ടായിരുന്ന വൈദികനെ നാട്ടുകാർ ചേർന്ന് രക്ഷപെടുത്തി.
മുള്ളരിങ്ങാട് ലൂർദ് മാതാ പള്ളി വികാരി ജേക്കബ് വട്ടപ്പിള്ളിയാണ് അപകടത്തിൽപെട്ടത്. വെള്ളിയാഴ്ച വൈകിട്ട് വലിയകണ്ടം ഭാഗത്താണ് അപകടമുണ്ടായത്. വൈദികനെ രക്ഷപെടുത്തിയെങ്കിലും കാർ ഒഴുകിപ്പോയി. ഇത് പിന്നീട് നടത്തിയ തിരച്ചിലിൽ നാട്ടുകാർ കണ്ടെത്തി.
കനത്ത മഴയെത്തുടർന്ന് മുള്ളരിങ്ങാട് – തലക്കോട് റോഡിൽ വെള്ളം കയറിയിരുന്നു. റോഡിലുണ്ടായ കുത്തൊഴുക്കിൽപ്പെട്ട് കാർ പുഴയിലേക്ക് മറിയുകയായിരുന്നു. അതിശക്തമായ മഴയിൽ ഈ മേഖലയിൽ വ്യാപകമായ കൃഷി നാശം ഉണ്ടായി. വലിയകണ്ടം, തറുതല എന്നിവടങ്ങളിൽ പുഴയോരത്ത് താമസിക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു.
അതേസമയം വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്തനംതിട്ടയിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
തെക്കന്‍ കര്‍ണാടകക്ക് മുകളില്‍ ചക്രവാതച്ചുഴിയും ചക്രവാതച്ചുഴിയുടെ മുകളിലായി കര്‍ണാടക മുതല്‍ കന്യാകുമാരി വരെ ന്യൂനമര്‍ദപാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നത്. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.