ന്യൂഡൽഹി: ഗുസ്തിതാരങ്ങളായ വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും വരാനിരിക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചനകൾ ശരിവച്ചുകൊണ്ട് ഇരുവരും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. പാർട്ടിയിൽ അംഗത്വം സ്വീകരിക്കുന്നതിന് മുന്നോടിയായി ഇരുവരും ബുധനാഴ്ച പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്.
ഇരുവരുടേയും കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ കോൺഗ്രസ് തന്നെയാണ് ഔദ്യോഗികമായി പുറത്തുവിട്ടത്. ജുലാന സീറ്റിൽ വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയ ബാഡ്ലി സീറ്റിൽ മത്സരിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാരീസ് ഒളിംപിക്സിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച വിനേഷ് ഫോഗട്ട് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നതായി നേരത്തെ തന്നെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ സാധൂകരിക്കുന്ന വിധത്തിലായിരുന്നു പാരീസ് ഒളിംപിക്സ് ഫൈനലിൽ നിന്ന് ഡിസ്ക്വാളിഫൈഡ് ആയി തിരിച്ചെത്തിയ താരത്തിന് ഡൽഹിയിൽ ലഭിച്ച സ്വീകരണം. കോൺഗ്രസ് നേതാവും എംപിയുമായ ദീപേന്ദ്ര ഹൂഡയുടെ നേതൃത്വത്തിലായിരുന്നു വിനേഷിന് സ്വീകരണം.
90 അംഗ നിയമസഭയിലേക്കുള്ള പാർട്ടി സ്ഥാനാർത്ഥികളുടെ പട്ടിക അന്തിമമാക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് മൂവരുടേയും കൂടിക്കാഴ്ച. അതേസമയം, ബുധനാഴ്ച കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക പൂർണമായും പുറത്തുവിടുമെന്ന് ഹരിയാനയുടെ ചുമതലയുള്ള ഐഐസിസി അംഗം ദീപക് ബാബരിയ വ്യക്തമാക്കി. കോൺഗ്രസ് ആം ആദ്മി പാർട്ടി സഖ്യ സാധ്യതയുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇരുവരുടേയും പാർട്ടിപ്രവേശം.
ഫോഗട്ടിനേയും പുനിയയേയും കോൺഗ്രസിലേക്ക് കൊണ്ടുവരുന്നതിലൂടെ, ഒരു ദശാബ്ദത്തിന് ശേഷം അധികാരത്തിലിരുന്ന് ഭരണവിരുദ്ധ വെല്ലുവിളികൾ നേരിടുന്ന ഭാരതീയ ജനതാ പാർട്ടിയെ പുറത്താക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്. പാർട്ടിയിലേക്കുള്ള ഇരുവരുടേയും വരവിലൂടെ ഹരിയാനയിൽ പാർട്ടിയുടെ സ്ഥാനം ശക്തിപ്പെടുത്താനാകുമെന്നും കോൺഗ്രസ് കരുതുന്നു.
തെരഞ്ഞെടുപ്പിൽ വോട്ട് വിഭജനം തടയാൻ സഖ്യം ഉറപ്പിക്കാമെന്ന പ്രതീക്ഷയിൽ ആം ആദ്മി പാർട്ടിയുമായും (എഎപി) കോൺഗ്രസ് ചർച്ച നടത്തുന്നുണ്ട്. ഇതോടൊപ്പം സീറ്റ് സംബന്ധിച്ച് ചർച്ചകൾ നടക്കുമെന്ന് എഎപി ഹരിയാന സംസ്ഥാന പ്രസിഡൻ്റ് സുശീൽ ഗുപ്ത ബുധനാഴ്ച പറഞ്ഞു.
ഒക്ടോബർ അഞ്ചിന് ഒറ്റഘട്ടമായാണ് ഹരിയാനയിൽ തെരഞ്ഞെടുപ്പ്. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ.