തിരുവനന്തപുരം: മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വിവിധ വകുപ്പുകളിലായി പിതാവിന് മരണം വരെ തടവ്; 1.90 ലക്ഷം രൂപ പിഴയും. തിരുവനന്തപുരം പോക്സോ ജില്ലാ ജഡ്ജി എം.പി. ഷിബുവാണു മൂന്നുതവണ മരണംവരെ തടവ്ശിക്ഷ വിധിച്ചത്. കൂടാതെ 1.90 ലക്ഷം രൂപ പിഴയും വിധിച്ചു. ഇതില്‍നിന്ന് 1.5 ലക്ഷം രൂപ കുട്ടിക്കു നൽകണം. കുട്ടിക്ക് ഒന്നര വയസുള്ളപ്പോള്‍ അമ്മ മരിച്ചിരുന്നു. തുടര്‍ന്ന് കുട്ടി ഒന്നാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ മുപ്പത്തിയേഴുകാരനായ പിതാവ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പിതാവിന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ കുട്ടി വിവരം ക്ലാസ് ടീച്ചറെ അറിയിച്ചതോടെയാണ് പിതാവിന്റെ പീഡനം പുറംലോകമറിഞ്ഞത്. തുടർന്ന് പൊലീസ് കേസെടുത്ത് പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് റിപ്പോര്‍ട്ട് ചെയ്ത ദിവസം മുതല്‍ കുട്ടി ജുവനൈല്‍ ഹോമിലാണ് കഴിയുന്നത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ്, അഭിഭാഷകയായ വി.സി. ബിന്ദു എന്നിവര്‍ ഹാജരായി.
2023ലാണ് സംഭവം പുറംലോകമറിഞ്ഞത്. കുട്ടിയെ അഞ്ചാം വയസുമുതൽ 15-ാം വയസുവരെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. പീഡനം സഹിക്കവയ്യാതെയാണ് പെണ്‍കുട്ടി ക്ലാസ് ടീച്ചറോടു പറഞ്ഞത്.
ഇംഗ്ലീഷ് പരീക്ഷ കഴിഞ്ഞു വീട്ടിലെത്തി തുണി മാറാന്‍ മുറിയില്‍ കയറിയപ്പോള്‍ പിതാവ് ഒപ്പം കയറി പീഡിപ്പിച്ചു. ആ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഇതോടെ കുട്ടി മാനസികമായി തകര്‍ന്നു. പിറ്റേന്നു സ്കൂളിലെത്തിയ കുട്ടി വല്ലാതെ മാനസികവിഷമം അനുഭവിക്കുന്നതായി സംശയം തോന്നിയ ടീച്ചര്‍ ചോദിച്ചപ്പോഴാണ് വര്‍ഷങ്ങളായി പിതാവ് പീഡിപ്പിക്കുന്ന വിവരം കുട്ടി തുറന്നു പറഞ്ഞത്. ഇതോടെ ടീച്ചര്‍ ചൈല്‍ഡ് ലൈന്‍ വഴി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ഇയാളെ പോലീസ് അറസ്റ്റ്ചെയ്യുകയായിരുന്നു.
കുട്ടിയുടെ രണ്ടാനമ്മ പിതാവിനനുകൂലമായി മൊഴി നൽകിയെങ്കിലും കോടതിയുടെ പിന്നീടുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാനാകാതെ വന്നതോടെ ഇവരുടെ മൊഴി കളവാണെന്നു തെളിയുകയായിരുന്നു. ചെറുപ്പത്തില്‍ അമ്മ മരിച്ചതിനു ശേഷം പിതാവിന്റെ സംരക്ഷണയിലായിരുന്നു പെണ്‍കുട്ടി. കുട്ടിയുടെ അമ്മയ്ക്ക് ബന്ധുക്കളായി ആരുമില്ലാതിരുന്നതിനാൽ പീഡനവിവരം പുറത്തറിയാതെയാവുകയായിരുന്നു.