തിരുവനന്തപുരം: സ്വർണവില കടിഞ്ഞാല്ലാതെ കുതിക്കുന്നു. സംസ്ഥാനത്ത് പവന് 80 രൂപ കൂടി 56,960 രൂപയിലാണ് വ്യാപരം നടക്കുന്നത്. രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇസ്രായേല്‍-ഇറാന് സംഘര്‍ഷം സ്വര്‍ണ വിലയില്‍ റെക്കോഡ് വര്‍ധനയ്ക്കു കാരണമായി. രണ്ടു ദിവസത്തിനിടെ 160 രൂപയുടെ വര്‍ധനവാണുണ്ടായത്. ഗ്രാമിന്റെ വില 7,120 രൂപയുമായി.
അതുപോലെ തന്നെ രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 76,302 രൂപയാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും വില കൂടാനാണ് സാധ്യത. സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 26 ശതമാനമാണ് വര്‍ധനവുണ്ടായത്.
അന്തര്‍ദേശീയ വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഒരു ട്രോയ് ഔണ്‍സിന് 2,640 ഡോളറിന് മുകളിലാണ്. സ്വര്‍ണ വിലയ്ക്ക് ആനുപാതികമായി വെള്ളിയുടെ വിലയിലും ഈ വര്‍ധന പ്രകടമാണ്. സംഘര്‍ഷം ഇതുപോലെ തുടരുകയാണെങ്കില്‍ സ്വര്‍ണ വില 2,700 ഡോളര്‍ പിന്നിട്ടേക്കാമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞയാഴ്ച സ്വർണവില 56,000 തൊട്ടിരുന്നു.