തിരുവനന്തപുരം: ഇടത് മുന്നണി കൺവീനർ സ്ഥാനം ഒഴിയുമെന്ന് ഇ.പി. ജയരാജൻ. വേണമെങ്കിൽ രാജിക്കും തയാറാണെന്ന് പാർട്ടിയെ അറിയിച്ചു.
തിരഞ്ഞെടുപ്പ് കാലത്തെ ഇപി- ബിജെപി കൂടിക്കാഴ്ചകൾ ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സമിതി യോഗം ചർച്ച ചെയ്യാനിരിക്കെയാണ് നിർണായക നീക്കം. സംസ്ഥാന സമിതിയിൽ പങ്കെടുക്കാൻ നിൽക്കാതെ ഇപി കണ്ണൂരിലേക്ക് തിരിച്ചു. വെള്ളിയാഴ്ചത്തെ പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് രാജിക്കാര്യം ഇപി പാർട്ടിയെ അറിയിച്ചത്.
തിരഞ്ഞെടുപ്പ് സമയത്ത്ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ ദല്ലാൾ നന്ദകുമാറിന്റെ സാന്നിധ്യത്തിൽ കൂടിക്കാഴ്ച നടത്തിയ സംഭവം ഇന്നു നടക്കുന്ന സംസ്ഥാന സമിതിയിൽ ചർച്ച നടത്താനായിരുന്നു തീരുമാനം. ജയരാജന്റെ ഈ കൂടിക്കാഴ്ച കാട്ടി പ്രതിപക്ഷം മുഖ്യമന്ത്രിയെയടക്കം മുൾമുനയിൽ നിർത്തിയിരുന്നു.
എന്നാൽ സംഭവത്തിൽ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി നേതാക്കൾ പലരെയും കാണാറുണ്ട്. ഞാനും ജാവഡേക്കറെ കണ്ടിരുന്നു. പിന്നീടാണ് ജാവഡേക്കറാണെന്നു മനസ്സിലായത്. കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിനായി പുതിയ വാദം കണ്ടുപിടിക്കുകയാണ് ഇപ്പോൾ എന്നായിരുന്നു ഇ.പിയുടെ പ്രതികരണം.
ഇപിയുടെ ഈ രാജി സന്നദ്ധത അക്ഷരാർഥത്തിൽ പാർട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. എന്നും വിവാദങ്ങളുടെ തോഴനായിരുന്നു ഇപി. മന്ത്രിയായിരിക്കെ ബന്ധുത്വ നിയമനവുമായി ബന്ധപ്പെട്ട് രാജി വച്ചൊഴിയേണ്ടി വന്നിട്ടുണ്ട്. 2016 പിണറായി വിജയൻ മന്ത്രിസഭയിൽ വ്യവസായം, കായികം വകുപ്പ് മന്ത്രിയായിരിക്കെയാണ് സംഭവം.
ഈ വിവാദത്തിൽ അഞ്ചുമാസങ്ങൾക്ക് ശേഷം ഇദ്ദേഹത്തിന് മന്ത്രിപദം രാജി വയ്ക്കേണ്ടി വന്നു. എന്നാൽ ഇ.പി. ജയരാജനുൾപ്പെട്ട ബന്ധുനിയമനക്കേസ് നിലനിൽക്കില്ലെന്നു സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. തുടർന്ന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയതോടെയാണു ജയരാജന്റെ തിരിച്ചുവരവിനു കളമൊരുങ്ങിയത്. പിന്നീട് അധികം താമസിക്കാതെ തന്നെ ഇ.പി- ബിജെപി കൂടിക്കാഴ്ചയുടെ പേരിൽ വീണ്ടും വിവാദത്തിപ്പെട്ടു.