കോട്ടയം: ‘ബ്രോ ഡാഡി’ ഷൂട്ടിങ്ങിനിടെ ജൂനിയർ ആർട്ടിസ്റ്റിനെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് പീഡിപ്പിച്ചെന്ന കേസിൽ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ്. താൻ ബ്രോ ഡാഡിയുടെ സെറ്റിൽ നടന്ന സംഭവം അറിഞ്ഞത് എംപുംരാന്റെ സെറ്റിൽ വച്ചാണ്. അപ്പോൾ തന്നെ അദ്ദഹത്തെ സെറ്റിൽ നിന്ന് പറഞ്ഞുവിടുകയായിരുന്നു. പിന്നീട് പൊലീസിനു മുന്നിൽ ഹാജരായി നിയമനടപടി നേരിടാൻ നിർദേശിച്ചെന്നും പൃഥ്വിരാജ് പറഞ്ഞു. ജൂനിയർ ആർട്ടിസ്റ്റിന്റെ വിഷയത്തിൽ വാട്സാപ് വഴിയായിരുന്നു ആദ്യ പൃഥ്വിരാജിന്റെ പ്രതികരണം.
ചീഫ് അസോഷ്യേറ്റ് ഡയറക്ടർ വഴിയാണ് ഈ വിവരം അറിഞ്ഞത്. ഇയാൾക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ചീഫ് അസോഷ്യേറ്റ് ഡയറക്ടർ പറയുമ്പോഴാണ് അറിയുന്നത്. 2023 ഒക്ടോബറിൽ എംപുംരാൻ സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു. അതുവരെയും ഈ സംഭവമോ, ഇങ്ങനെയൊരു പരാതിയേപ്പറ്റിയോ യാഥൊരു വിവരവും ലഭിച്ചിരുന്നല്ല. എന്നാൽ സംഭവമറിഞ്ഞയുടനെ തന്നെ ഇയാളെ ഷൂട്ടിങ്ങിൽനിന്നു മാറ്റിനിർത്തി. പൊലീസിനു മുന്നിൽ ഹാജരാകാനും നിയമനടപടികൾക്കു വിധേയനാകാനും നിർദേശിച്ചുവെന്നായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.
സംഭവത്തെക്കുറിച്ച് നടിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ: 2021 ഓഗസ്റ്റ് 8ന് ഹൈദരാബാദിൽ സിനിമയുടെ ഷൂട്ടിങ് നടക്കുന്നതിനിടെയാണ് സംഭവം. വിവാഹ സീൻ ഷൂട്ട് ചെയ്യുന്നതിന് അവിടെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അഭിനയിക്കാൻ ആളെ തേടിയത്. തുടർന്ന്അസോസിയേഷന്റെ നിർദേശ പ്രകാരം അഭിനയിക്കാനെത്തി. വീണ്ടും സീനിൽ അവസരം തരാമെന്നു പറഞ്ഞ് അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് വരാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ചു സ്വന്തം നിലയിൽ ഷൂട്ടിങ് സംഘം താമസിക്കുന്നിടത്തു തന്നെ മുറിയെടുത്തു. മുറിയിലെത്തിയ
മൻസൂർ കുടിക്കാൻ കോള തന്നു. ഇതിനു ശേഷം തനിക്കു ബോധം നഷ്ടപ്പെട്ടുവെന്നും പിന്നീട് ബോധം വന്നപ്പോൾ താൻ പീഡിപ്പിക്കപ്പെട്ടുവെന്നു ബോധ്യമായി എന്നുമായിരുന്നു പരാതി.
പിന്നീടു രാവിലെ തന്റെ നഗ്നചിത്രം അയച്ചുതന്ന് പണം ആവശ്യപ്പെട്ടു. പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് ഹൈദരാബാദിൽ ഗച്ചിബൗളി സ്റ്റേഷനിൽ ബലാൽസംഗത്തിനു കേസെടുത്തു. അറസ്റ്റ് ചെയ്യാൻ പൊലീസ് കൊല്ലം കടയ്ക്കലിലെ പ്രതിയുടെ വീട്ടിലെത്തിയെങ്കിലും ഒളിവിൽ പോയെന്നും രാഷ്ട്രീയ സഹായം പ്രതിക്ക് കിട്ടിയെന്നും പരാതിക്കാരി പറയുന്നു.